യുഎസ്- റഷ്യ ആണവ കരാറില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ച് ട്രംപ്

പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുഎസ് റഷ്യ ആണവവായുധ നിയന്ത്രണ കരാറില്‍ നിന്നും ഏകപക്ഷീയമായ പിന്‍മാറ്റം പ്രഖ്യാപിച്ച് ഡൊണള്‍ഡ് ട്രംപ്. 1987 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍, സോവിയറ്റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവ് എന്നിവര്‍ ഒപ്പുവച്ച മധ്യദൂര ആണവായുധ കരാറില്‍ നിന്നാണ് ട്രംപിന്റെ പിന്‍മാറ്റം. 500 മുതല്‍ 5500 കിലോമീറ്റര്‍ പരിധിയില്‍പ്പെടുന്ന ആണവ മിസൈലുകളുടെ പരീക്ഷണം ഉള്‍പ്പെടെ തടയുന്ന കരാര്‍ വാഷിങ്ങ്ടണില്‍ വച്ചായിരുന്നു ഇരു നേതാക്കളും ഒപ്പുവച്ചത്. കാരാര്‍ ലംഘിച്ചെന്ന് പരസ്പര ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുവരുന്നതിനിടെയാണ് ട്രംപ് പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്.

കരാറില്‍ റഷ്യ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പിന്‍മാറ്റം പ്രഖ്യാപിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറാന്‍ സാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യുഎസ് അത്തരം ആയുധങ്ങള്‍ നിര്‍മിക്കുമെന്നായുന്നു ട്രംപിന്റെ മറുപടി. റഷ്യയും ചൈനയും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് തങ്ങളോട് പറയുന്നത്. എന്നാല്‍ കരാറുകള്‍ ലംഘിച്ച് കൊണ്ട് ഇവര്‍ ആയുധങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്റെ മോസ്‌കോ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ വിദേശ കാര്യമന്ത്രിയ ഉള്‍പ്പെടെയുള്ളവരുമായി സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ട്രംപ് – പുടിന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായിരുന്നു ബാള്‍ട്ടന്റെ സന്ദര്‍ശനം.

 

 

Share this news

Leave a Reply

%d bloggers like this: