യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്: ട്രംപ്‌നെ എതിരിടാന്‍ തയ്യാറെടുത്ത് ധനികനായ വ്യവസായ പ്രമുഖന്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്…

യു.എസ്: യു.എസില്‍ 2020-ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ രംഗത്തിറങ്ങുമെന്ന് പ്രമുഖ വ്യവസായിയും ന്യൂയോര്‍ക്കിലെ മുന്‍ മേയറുമായ മൈക്കല്‍ ബ്ലൂംബെര്‍ഗ് (77) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ട്രംപിനെ പരാജയപ്പെടുത്താനും അമേരിക്കയെ പുനര്‍നിര്‍മ്മിക്കാനും വേണ്ടിയാണ് മത്സരിക്കുന്നതെന്ന്’ അദ്ദേഹം പറഞ്ഞു. അതോടെ 2020-ല്‍ ട്രംപിനെ നേരിടാനുള്ള നാമനിര്‍ദ്ദേശത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 18 ആയി. മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന്‍, സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, ബെര്‍ണി സാണ്ടേഴ്സ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍.

യുഎസിലെ സാമ്പത്തിക അസമത്വം സംബന്ധിച്ച മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാണ്ടേഴ്സും വാറനും ശതകോടീശ്വരന്മാരുടെ നികുതി കുത്തനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘ശതകോടീശ്വരന്മാര്‍ നിലനില്‍ക്കരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് സാണ്ടേഴ്സ് നികുതിയുമായി ബന്ധപ്പെട്ട തന്റെ നിര്‍ദേശങ്ങള്‍ അനാച്ഛാദനം ചെയ്തത്. ബ്ലൂംബെര്‍ഗിനെ പരിഹസിച്ചുകൊണ്ട് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അലബാമയില്‍നിന്നാകും ബ്ലൂംബെര്‍ഗ് മത്സരിക്കുക.

യു.എസിലെ അതിസമ്പന്നരിലൊരാളാണ് മൈക്കല്‍ ബ്ലൂംബെര്‍ഗ്. ഫോബ്സിന്റെ കണക്കനുസരിച്ച് 54.4 ബില്യണ്‍ ഡോളര്‍ വരുമാനവുമായി അമേരിക്കയിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനാണ് അദ്ദേഹം. ട്രംപിനെക്കാള്‍ 17 ഇരട്ടി ആസ്തി. പ്രശസ്തമായ ബ്ലൂംബെര്‍ഗ് മാധ്യമശൃംഖലയുടെയും ഫിനാന്‍ഷ്യല്‍ സര്‍വീസ് സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍.

ഡെമോക്രാറ്റായിരുന്ന അദ്ദേഹം 2001-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂടുമാറുകയും ന്യൂയോര്‍ക്ക് മേയറാകുകയും ചെയ്തു. 2012-വരെ ആ പദവിയില്‍ തുടര്‍ന്നു. 2018-ലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് തിരികെ വന്നത്. ബ്ലൂംബെര്‍ഗ് സ്ഥാനാര്‍ഥിയായതോടെ യു.എസിലെ രണ്ട് പ്രമുഖവ്യവസായികളുടെ ഏറ്റുമുട്ടലിനാകും 2020-ലെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക.

Share this news

Leave a Reply

%d bloggers like this: