യുഎന്‍ ഭീകരവിരുദ്ധ മേധാവിയുടെ ചൈനാ സന്ദര്‍ശനം മുസ്ലീങ്ങളെ അടിച്ചമര്‍താണെന്ന് ആരോപണം….

ചൈനയുടെ സിന്‍ജിയാങ് മേഖലയിലേക്ക് യുഎന്‍ ഭീകരവാദവിരുദ്ധ തലവന്‍ സന്ദര്‍ശനം നടത്തുന്നതിനെ അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍ത്തു. അവിടെ 10 ലക്ഷം ഉയ്ഗുര്‍ വംശക്കാരെയും മറ്റു മുസ്ലീംങ്ങളേയും തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് യുഎന്‍ വിദഗ്ദ്ധര്‍ പറയുന്നു. യുഎന്‍ ഓഫീസ് ഓഫ് കൌണ്ടര്‍ ടെററിസത്തിന്റെ മേധാവി (യു.എന്‍.ഒ.സി.ടി.) റഷ്യന്‍ നയതന്ത്രജ്ഞനായ വ്‌ളാഡിമിര്‍ വോറോണ്‍കോവ് ചൈനയുടെ ക്ഷണം സ്വീകരിച്ച് സിന്‍ജിയാങ് സന്ദര്‍ശിക്കാന്‍ പോവുകയാണെന്ന് ആശങ്കകള്‍ ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവന്‍ വോറോണ്‍കോവിന്റെ യാത്രയെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കകള്‍ യുഎസ് സെക്രട്ടറി ജനറലുമായി പങ്കുവെച്ചു. ഉയ്ഗുര്‍ മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുന്നതിനെ ഭീകരവാദം തടയാനെന്ന മറപിടിക്കുകയാണ് ചൈന ചെയ്യുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു.

അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്ന തടവു കേന്ദ്രങ്ങളെ ചൈന വിളിക്കുന്നത് ‘വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍’ എന്നാണ്. ‘തീവ്രവാദത്തെ’ തുടച്ചു നീക്കി ജനങ്ങളില്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കുകയാണത്രെ അതിന്റെ ലക്ഷ്യം. മനുഷ്യാവകാശ പ്രശ്‌നത്തെ തീവ്രവാദത്തിന്റെ പ്രശ്‌നമാക്കി വളച്ചൊടിക്കുകയാണ് ചൈന ചെയ്യുന്നത്. വോറോണ്‍കോവിന്റെ സന്ദര്‍ശനം ചൈനയുടെ വാദങ്ങള്‍ നീതീകരിക്കുന്നതാവുമോ എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ആശങ്ക.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുപകരം ഭീകരവാദവിരുദ്ധ തലവനെ ചൈനയിലേക്ക് അയക്കുന്നതിനെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. മുസ്ലിം സമൂഹത്തിനെതിരേയുള്ള കടുത്ത അവകാശ ലംഘനങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനേ ഈ സന്ദര്‍ശനം ഉപകരിക്കൂ എന്ന് അവര്‍ പറയുന്നു. അതേസമയം റഷ്യ, ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇതിനകം വോറോണ്‍കോവ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും, ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗവും വീറ്റോ അധികാരവുമുള്ള അഞ്ചാമത്തെ രാജ്യമായ ചൈനകൂടെ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും വോറോണ്‍കോവിന്റെ ഓഫീസ് അറിയിച്ചു.

മുസ്ലിം ഭൂരിപക്ഷ മേഖലയാണ് സിന്‍ജിയാങ്. അവിടെ സ്ത്രീകള്‍ മുഖവും ശരീരവും മുഴുവന്‍ മറച്ചാണ് പുറത്തിറങ്ങുക. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. എയര്‍പോര്‍ട്ടുകളില്‍ അടക്കം ഇത് വലിയ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചൈന പറയുന്നു. എന്നാല്‍ മത തീവ്രവാദം ചെറുക്കുക എന്ന ലക്ഷ്യമുയര്‍ത്തി മുസ്ലീം ഭൂരിപക്ഷമായ ഉയ്ഗുര്‍ വിഭാഗക്കാരെ നിയന്ത്രിയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം നടപടികള്‍ കൂടുതല്‍ പേരെ മത തീവ്രവാദത്തിലേക്ക് തിരിച്ചു വിടാനേ ഇടയാക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം.

Share this news

Leave a Reply

%d bloggers like this: