യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയരും…അയര്‍ലന്‍ഡ് അനുകൂല വോട്ട് രേഖപ്പെടുത്തി

ഡബ്ലിന്‍: യുഎന്‍ ആസ്ഥാനത്ത് പലസ്തീനിന്‍റെ പതാക പറത്തുന്നതിന് അനുമതിയായി. യുഎന്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ചാണ് തീരുമാനം. നിരീക്ഷണ പദവിയുള്ള രാജ്യങ്ങള്‍ക്ക് യുഎന്‍ ആസ്ഥാനത്ത് പതാക സ്ഥാപിക്കാനുള്ള അനുമതി നല്‍കണമോ വേണ്ടയോ എന്നായിരുന്നു പ്രധാനമായും അഭിപ്രായം ആരാഞ്ഞിരുന്നത്.  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പില്‍ അനുകൂലമായി 119 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 45 പേര്‍ എതിര്‍ത്തു. അയര്‍ലന്‍ഡ് പതാക ഉയര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്, ഓസ്ട്രേലിയ, കാനഡ, മാര്‍ഷല്‍ ഐലന്‍ഡ്സ്, പലാവു,  തുടങ്ങിയ രാജ്യങ്ങളാണ് എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നത്. പലസ്തീനിലെ ജനങ്ങള്‍ക്ക് ഉണര്‍വ് പകരുന്ന തീരുമാനമാണിത്.  വോട്ടെടുപ്പിന് മുമ്പ് ഇസ്രായേലില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പ്രതിനിധികള്‍ എതിര്‍പ്പ് പ്രകടമാക്കി സംസാരിച്ചിരുന്നു. പലസ്തീനും ഇസ്രായേലിനും ഇടയില്‍ യുഎസ് സര്‍ക്കാര്‍ സമാധാനം സ്ഥാപിക്കാന്‍ പ്രതജ്ഞാബദ്ധമാണെന്നും എന്നാല്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കുന്നതിന് ഇതിന് തടസമാകുമെന്നും യുഎസ് പ്രതിനിധി അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ പ്രതിനിധി റോണ്‍ പ്രോസോര്‍   പ്രമേയം അനുകൂലമാണെങ്കില്‍ അത് പലസ്തീന്‍ ജനത വിട്ടു വീഴ്ച്ചകള്‍ ഇല്ലാതെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നതിന് ഇടവരുത്തുമെന്ന് അഭിപ്രായപ്പെട്ടു.

സമാധാനം കൊണ്ട് വരാനുള്ള ശ്രമങ്ങളെ ഇത് പരാജയപ്പെടുത്തുമെന്നും കൂട്ടിചേര്‍ത്തു. ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ മുപ്പതിന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീന്‍ പ്രസിഡന്‍റ് മുഹമ്മദ് അബാസ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് പതാക ഉയര്‍ത്താനാണ് നീക്കം. പലസ്തീന്‍ കഴിഞ്ഞാല്‍ വത്തിക്കാനാണ് യുഎന്നിന്‍റെ നിരീക്ഷണ പദവിയിലുള്ള രാജ്യം. വത്തിക്കാനും ഇതോടെ പതാക ഉയര്‍ത്താനാകും.

Share this news

Leave a Reply

%d bloggers like this: