യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ കേന്ദ്ര ബാങ്കിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് ട്രംപ്

യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസെര്‍വിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഫെഡറല്‍ റിസര്‍വാകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മൂര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു നാമനിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ടുള്ള ട്രംപിന്റെ അപ്രതീക്ഷിത നീക്കം. മൂര്‍ കൂടി ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന ചില സാമ്പത്തിക ക്രമക്കേടുകളും നിയമപ്രശ്‌നങ്ങളും കണക്കിലെടുത്തുകൊണ്ടും മൂര്‍ ഒരു ഘട്ടത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മൂലവുമാകാം ഈ നീക്കമെന്നാണ് സൂചന. പ്രമുഖ മാധ്യമങ്ങള്‍ മൂറിനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നത് മൂലം ഇദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞതും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഒരുകൂട്ടമാളുകളുടെ നിരീക്ഷണം.

ഇത്തരം അനുകമ്പയില്ലാത്ത ആക്രമണങ്ങള്‍ ഇനിയും തനിക്കും തന്റെ കുടുംബത്തിനും താങ്ങാനാവില്ലെന്നാണ് നിരപരാധിയാണെന്ന് സൂചിപ്പിച്ചുകൊണ്ട് മൂര്‍ ട്രംപിനെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോടതിയലക്ഷ്യം പോലുള്ള കേസുകള്‍ നേരിടുന്ന ഇദ്ദേഹത്തെ ഉന്നത സ്ഥാനമേല്‍പിക്കുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നോബല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക വിദഗ്ദര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ഭാര്യക്ക് ജീവനാംശം കൊടുക്കാത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മൂര്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായ ആളാണെന്നത് ഗാര്‍ഡിയന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മൂറിന്റെ അക്കാദമിക് യോഗ്യതകളെക്കുറിച്ച് കൂടി വൈറ്റ് ഹൗസിലെ തന്നെ പലരും സംശയം പ്രകടിപ്പിച്ചപ്പോള്‍ ട്രംപ് ആശയകുഴപ്പത്തിലാകുകയായിരുന്നു. ഒടുവില്‍ മൂറിനെ നാമനിര്‍ദ്ദേശം ചെയ്താല്‍ തങ്ങള്‍ വോട്ട് ചെയ്യില്ലായെന്ന് ചില റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ട്രംപ് പൂര്‍ണ്ണമായും പ്രതിരോധത്തിലായത്. മൂറിന്റെ യോഗ്യതകളും ജീവചരിത്രവും ഇടപെടലുകളും വിശദമായി സൂചിപ്പിക്കണമെന്നും ബോധ്യപ്പെടുത്തണമെന്നും ഡമോക്രാറ്റുകള്‍ മുന്‍പ് തന്നെ പ്രസിഡന്റിനോട് ആവിശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞദിവസം ട്വീറ്റിലൂടെയാണ് താന്‍ നാമനിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്ന് ട്രംപ് അറിയിച്ചത്.

Share this news

Leave a Reply

%d bloggers like this: