യാത്രക്കാരെ വലച്ച് അയര്‍ലണ്ടില്‍ വീണ്ടും 24 മണിക്കൂര്‍ പൈലറ്റ് സമരം; ഇന്ന് മാത്രം റദ്ദാക്കപ്പെട്ടത് 29 സര്‍വീസുകള്‍

പൈലറ്റ് യൂണിയന്‍ ആവശ്യപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ റൈന്‍ എയര്‍ വിസമ്മതിച്ചതോടെ പൈലറ്റുമാര്‍ ഇന്ന് പണിമുടക്കും. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് റൈന്‍ എയര്‍ പൈലറ്റുമാര്‍ സമരം നടത്തുന്നത്. റൈന്‍ എയറിന്റെ ഡബ്ലിന്‍ പൈലറ്റുമാരെ കൂടാതെ പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇറ്റലി, സ്പെയ്ന്‍ എന്നിവിടങ്ങളിലെ ക്യാബിന്‍ ക്രൂ അംഗങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. പൈലറ്റ് യൂണിയനുമായി സമവായത്തിലെത്തിയില്ലെങ്കില്‍ അടുത്ത ചൊവ്വാഴ്ചയും പൈലറ്റുമാര്‍ സമരം തുടരുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. തിരക്കേറിയ ഡബ്ലിന്‍ സര്‍വീസുകളില്‍ യാത്ര തടസപ്പെടുന്നത് റൈന്‍ എയറിനെതിരെ ജനവികാരം രൂക്ഷമാക്കിയിട്ടുണ്ട്.

സര്‍വീസുകള്‍ റദ്ധാക്കിയത് മൂലം യാത്രാക്ലേശം നേരിട്ടവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ റൂട്ടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. അയര്‍ലണ്ട്- യുകെ സര്‍വീസുകളെയാണ് സമരം കാര്യമായി ബാധിച്ചത്. ഇരുപത്തിനാലോളം വിമാന സര്‍വീസുകളാണ് ഇന്ന് മാത്രം റദ്ദാക്കപ്പെട്ടത്. അടിക്കടിയുണ്ടാകുന്ന സമരങ്ങളില്‍ അറുനൂറോളം സര്‍വീസുകളാണ് റദ്ദാക്കപ്പെടുന്നത്. ഇത് 1000,000 ലധികം യാത്രക്കാരെ ബാധിക്കുമെന്നാണ് ഏകദേശ കണക്ക്.

അടിക്കടിയുണ്ടാകുന്ന പണിമുടക്ക് എയര്‍ലൈനിന്റെ സാമ്പത്തീക ശേഷിയെ കാര്യമായി ബാധിക്കുമെന്ന് റൈന്‍ എയര്‍ സാമ്പത്തീക ഉപദേശകര്‍ മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ശമ്പളം, ജോലി സമയം തുടങ്ങിയ വിഷയങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൈലറ്റ് യൂണിയന്‍ പറയുന്നു.

300-ഓളം പൈലറ്റുമാരുള്ള ഡബ്ലിന്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ റൈന്‍ എയര്‍ ബേസ് ആണ്. യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്ന പൈലറ്റ് യൂണിയന്റെ സമര പ്രഖ്യാപനം മനുഷ്യത്വ രഹിതമായ നിലപാട് ആണെന്ന് റൈന്‍ എയര്‍ ആരോപിച്ചിരുന്നു. വരും ദിവസങ്ങളിലും ഇത്തരം സമരങ്ങള്‍ മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുവാനുള്ള സാധ്യത ഉള്ളതിനാല്‍ യാതക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: