യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്‍

മുംബൈ: അനുജന്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ മുംബൈയിലെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു പറഞ്ഞു. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പാണ് ഫോണ്‍ വിളിയെത്തിയത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൈഗര്‍ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്കാണ് ടൈഗര്‍ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്.

ജൂലൈ 30ന് രാവിലെ ഏഴിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അന്നു രാവിലെയാണ് ഇരുവരുടെയും അമ്മയായ ഹനീഫ മേമനുമായി ടൈഗര്‍ മേമന്‍ ഫോണില്‍ സംസാരിച്ചത്. പുലര്‍ച്ചെ 5.35നായിരുന്നു വിളിയെത്തിയത്. അതിന് 40 മിനിറ്റ് മുന്‍പാണ് യാക്കൂബിന്റെ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി വിധിയെത്തിയത്. പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. എന്നാല്‍ വിളിച്ചയാള്‍ക്കും സംസാരിച്ചയാള്‍ക്കും പരസ്പരം മനസ്സിലായിരുന്നു. അമ്മയ്ക്ക് ഫോണ്‍ കൈമാറാന്‍ ഇയാളോട് മേമന്‍ ആവശ്യപ്പെട്ടു.

അമ്മ ആദ്യം ഫോണില്‍ സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് മേമന്‍ അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാല്‍ അക്രമം വേണ്ടായെന്ന് അമ്മ ടൈഗര്‍ മേമനോടു പറയുന്നുണ്ട്. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ, ഹനീഫ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ പ്രതികാരം ചെയ്യുമെന്ന് മേമന്‍ വീണ്ടും പറയുന്നു. പിന്നീട് ഹനീഫ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. ഇയാള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീര്‍ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമന്‍ പറയുന്നു.

ഈ സംഭാഷണം പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഭാഷണത്തിലെ വിവരങ്ങള്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. സഹോദരന്റെ വധശിക്ഷയില്‍ സങ്കടപ്പെടേണ്ടതിനു പകരം പ്രതികാരമാണ് ടൈഗര്‍ മേമന്റെ സംസാരത്തിലുണ്ടായിരുന്നത്. അമ്മയോടും മറ്റൊരു കുടുംബാംഗത്തോടും മേമന്‍ സംസാരിച്ചു. ഇരുവരോടും പ്രതികാരനടപടികളെക്കുറിച്ചാണ് സംസാരിച്ചത്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലാണ് ഫോണ്‍ എത്തിയത്. എവിടുന്നാണ് മേമന്‍ വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

യാക്കൂബിന്റെ മരണത്തിനു ഉറപ്പായും പ്രതികാരം ചോദിക്കുമെന്ന് ടൈഗര്‍ മേമന്‍ പറഞ്ഞു. ഇയാളുടെ ശബ്ദമാണിതെന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും തന്നിട്ടില്ലെന്നും ബക്ഷി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: