യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്ത്

 

ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്ത്. നസറുദ്ദീന്‍ ഷാ, സീതാറാം യെച്ചൂരി, ബൃന്ദാകാരാട്ട്, രാംജത് മലാനി, ഡി.രാജ എന്നിവരാണ് വധശിക്ഷ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇവര്‍ ഒപ്പിട്ട അപേക്ഷ രാഷ്ട്രപതിക്ക് നല്‍കി.

അതിനിടെ യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരായ ട്വീറ്റ് നടന്‍ സല്‍മാന്‍ ഖാന്‍ പിന്‍വലിച്ചു. സംഭവത്തില്‍ നിരുപാധികം മാപ്പുചോദിക്കുന്നതായും സല്‍മാന്‍ പറഞ്ഞു. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതു മനുഷ്യത്വ രഹിതമാണെന്നായിരുന്നു സല്‍മാന്റെ ട്വീറ്റ്. യാക്കൂബ് മേമന്‍ നിരപരാധിയാണ്. കേസില്‍ പ്രധാന ഗൂഢാലോചന നടത്തിയത് യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണ്. ടൈഗര്‍ മേമനെയാണു വധിക്കേണ്ടത്. ടൈഗര്‍ മേമനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണു സല്‍മാന്‍ ട്വീറ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞത്.

അതേസമയം യാക്കൂബിന്റെ വധശിക്ഷയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് മതത്തിന്റെ നിറം നല്‍കിയിരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. സുപ്രീംകോടതി വിധി മാനിക്കണം. ഭീകരതയ്ക്ക് മതമില്ലെങ്കില്‍ പിന്നെന്തിന് ഒരു ഭീകരനെ മതത്തിന്റെ പേരില്‍ കാണണമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പത്ര പറഞ്ഞു.

യാക്കൂബ് മേമന്‍ തൂക്കിലേറപ്പെടുന്നത് അദ്ദേഹം മുസ്ലിമായത് കൊണ്ടാണെന്നും രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച ഇളവ് യാക്കൂബിന് നിഷേധിച്ചത് അതുകൊണ്ടാണെന്നും ഓള്‍ ഇന്ത്യാ മജ്‌സിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: