യാക്കൂബ് മേമന്റെ മൃതദേഹം കബറടക്കി,നാഗ്പുര്‍ ജയില്‍ പരിസരത്ത് നിരോധനാജ്ഞ,നവമാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നു

 

മുംബൈ: നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് രാവിലെ തൂക്കിക്കൊന്ന മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ മൃതദേഹം ഖബറടക്കി. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം മുംബൈ മാഹിമിലെ മേമന്റെ വീട്ടില്‍ കൊണ്ടുവന്നശേഷം വൈകീട്ട് അഞ്ചരയോടെ സൗത്ത് മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ കബറിസ്ഥാനിലാണ് ഇസ്ലാം മതാചാരപ്രകാരം കബറടക്കിയത്.

പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ട അസാധാരണവും നാടകീയവുമായ നിയമനടപടികള്‍ക്കൊടുവിലാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. ഇന്നലെ രാത്രി പത്തര മണിയോടെ, മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന്, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍, പുലര്‍ച്ചെ മൂന്ന് മണിയോടെ സുപ്രീംകോടതിയില്‍ പ്രത്യേക വാദം നടന്നു.

നാല് അമ്പത്തിയഞ്ചിന് അവസാന ഹര്‍ജിയും തള്ളി വധശിക്ഷ നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ കോടതി നീക്കി. നേരത്തെ തന്നെ ശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ നാഗ്പൂര്‍ ജയിലില്‍ 6.38ന്, മജിസ്‌ട്രേറ്റ് അടയാളം കാട്ടിയ സമയം, മേമനെ തൂക്കിലേറ്റി. അജ്മല്‍ കസബിനെ തൂക്കിലേറ്റിയ പൊലീസ് കോണ്‍സ്റ്റബിള്‍ തന്നെയാണ് യാക്കൂബിന്റേയും വധശിക്ഷ നടപ്പാക്കിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വിലാപയാത്ര ഒഴിവാക്കി, നിശ്ചിത സമയത്തിനകം കബറടക്കം നടത്തണമെന്ന വ്യവസ്ഥകളോടെയാണ് മൃതദേഹം വിട്ടുകൊടുത്തത്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതും സ്മാരകം പണിയുന്നതും വിലക്കിയിരുന്നു. വധശിക്ഷയോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് നാഗ്പുരിലും മുംബൈ നഗരത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഗ്പുര്‍ ജയില്‍ പരിസരത്ത് നിരോധനാജ്ഞ നിലവിലുണ്ട്. നവമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: