യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു സല്‍മാന്‍ ഖാന്‍

 

മുംബൈ: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററിലാണു യാക്കൂബ് മേമനെ പിന്തുണച്ചു സല്‍മാന്‍ രംഗത്ത് എത്തിയത്. യാക്കൂബ് മേമന്‍ നിരപരാധിയാണ്. കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയതു യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണ്. ടൈഗര്‍ മേമനെയാണു വധിക്കേണ്ടത്. ടൈഗര്‍ മേമനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസമായി ഇക്കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിക്കുന്നു. യാക്കൂബിന്റെ കുടുംബം കൂടി ഉള്‍പ്പെട്ടതിനാലാണ് പ്രതികരിക്കാന്‍ മൂന്ന് ദിവസം വൈകിയത്. ടൈഗറിര്‍ മേമനെ ആരും ടൈഗര്‍ എന്ന് വിളിക്കില്ല. അദ്ദേഹം ആ പേര് അര്‍ഹിക്കുന്നില്ലെന്നും സല്ലു ട്വിറ്ററില്‍ പരിഹസിച്ചു.

വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മരണവാറണ്ട് പുറപ്പെടുവിച്ചതെന്ന് ആരോപിച്ചാണ് ഹര്‍ജി. ഈമാസം 30ന് ശിക്ഷ നടപ്പാക്കാനിരിക്കെയാണ് മേമന്‍ വീണ്ടും പരമോന്നതകോടതിയെ സമീപിച്ചത്. മേമന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന തിരുത്തല്‍ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച തള്ളിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പുറപ്പെടുവിക്കുന്ന മരണവാറണ്ട് റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്. രാഷ്ട്രപതിക്കും യാക്കൂബ് മേമന്‍ ദയാഹര്‍ജി അയച്ചിട്ടുണ്ട്.

1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ പ്രതിയാണ് യാക്കൂബ് മേമന്‍. 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. ടൈഗര്‍ മേമനാണ് സ്‌ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനെങ്കിലും ഇയാളെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘങ്ങള്‍ക്ക് സാധിച്ചിട്ടില്ല. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്.

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ നേരത്തെ വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. സിപിഐഎം വധശിക്ഷയ്‌ക്കെതിരാണെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: