മ്യാന്‍മര്‍ സൈന്യവുമായുള്ള അദാനി ഗ്രൂപ്പിന്റെ കരാര്‍: യംഗൂണ്‍ തുറമുഖ പദ്ധതി വിവാദത്തില്‍…

ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടേയും വംശഹത്യയുടേയും പേരില്‍ ആഗോളതലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മ്യാന്‍മര്‍ സൈന്യവുമായി അദാനി ഗ്രൂപ്പിന്റെ ബന്ധം വിവാദമാകുന്നു. മ്യാന്‍മര്‍ തലസ്ഥാന നഗരമായ യംഗൂണില്‍ കണ്ടെയ്നര്‍ പോര്‍ട്ട് നിര്‍മ്മിക്കാനുള്ള 290 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏതാണ്ട് 20,45,08,00,000 ഇന്ത്യന്‍ രൂപ) കരാറിലാണ് അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പ് വച്ചിരിക്കുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷനാണ് (എംഇസി) തുറമുഖ ഉടമസ്ഥര്‍.

മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ മ്യാന്‍മര്‍ സൈന്യത്തിലെ ഉന്നതരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതില്‍ ഒരാള്‍ ഓസ്ട്രേലിയന്‍ അഭിഭാഷകന്‍ ക്രിസ് സിഡോറ്റിയാണ്. റോഹിംഗ്യ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതുമായി ബന്ധപ്പെട്ടാണിത്. 2018ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മ്യാന്‍മര്‍ സൈന്യവുമായോ അവരുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകളുമായോ സ്ഥാപനങ്ങളുമായോ യാതൊരു സാമ്പത്തിക ഇടപാടും നടത്തരുത് എന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ കണ്ടെയ്നര്‍ പോര്‍ട്ട് പദ്ധതി താറ്റ്മഡോ എന്ന് അറിയപ്പെടുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് എന്ന് ക്രിസ് സിഡോറ്റി ദ ഗാര്‍ഡിയനോട് പറഞ്ഞു. ഇത് അന്താരാഷ്ട്ര ധാരണകളുടേയും മ്യാന്‍മറിന് മേല്‍ ഓസ്ട്രേലിയയും യുഎസും യുഎന്നും ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങളുടേയും ലംഘനമാണ്.

ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മേയ് 18ന് നടക്കുന്ന ഓസ്ട്രേലിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രശ്നമാണ്. മ്യാന്‍മര്‍ സൈന്യവുമായുള്ള അദാനി ഗ്രൂപ്പിന്റെ കരാര്‍, ഓസ്ട്രേലിയയില്‍ അദാനിക്ക് വിലക്കേര്‍പ്പെടുത്താന്‍ തക്ക കാരണമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 1997ല്‍ നിലവില്‍ വന്ന എംഇസി മ്യാന്റിലെ ഏറ്റവും വലിയ ബിസിനസ് കോര്‍പ്പറേഷനുകളില്‍ ഒന്നാണ്. ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ആണ് എംഇസിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ് തുറമുഖം.

Share this news

Leave a Reply

%d bloggers like this: