മോദി വരുന്നു… അയര്‍ലന്‍ഡില്‍ ഇത് വരെ തണുത്ത പ്രതികരണം

ഡബ്ലിന്‍: മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മുന്നോടിയായി പൊതുവില്‍ കാണുന്ന ആവേശവും പകിട്ടുമില്ലാതെ ഐറിഷ് സന്ദര്‍ശനം അവസാനിക്കുമോയെന്ന് സംശയം. ഇതുവരെയായും തണുത്ത പ്രതികരണമാണ് പ്രകടമാകുന്നത്. വിപുലമായ പരിപാടികള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുമ്പോഴും, പ്രധാനമന്ത്രിയുടെ പരിപാടിയില്‍പങ്കെടുക്കുന്നതിന് 1600 പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പൊതുവില്‍ പ്രകടമാകുന്ന പ്രചരണങ്ങളൊന്നും കാണുന്നില്ല.

ഐറിഷ് മാധ്യമങ്ങളൊന്നും തന്നെ സന്ദര്‍ശനത്തെ വന്‍ പ്രാധാന്യത്തോടെ ഇനിയും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല. മോദിയുടെ യുഎസ് ഓസ്ട്രേലിയന്‍ സന്ദര്‍ശനങ്ങള്‍ക്ക് വന്‍ പ്രാധാന്യമായിരുന്നു  ലോക മാധ്യമങ്ങള്‍ നല്‍കിയത്. മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും വലിയ തോതിലാണ് ആഘോഷിക്കപ്പെട്ടത്. സന്ദര്‍ശനത്തിന് മുന്നോടിയായും വന്‍ പ്രധാന്യം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കല്‍പ്പിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയയില്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രചരണത്തിന് വേണ്ടി ട്രെയിന്‍ യാത്ര തന്നെ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഇതിനോടകം മോദി അയര്‍ലന്‍ഡിലെത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തെങ്കിലും ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി സന്ദര്‍ശനത്തി‍ന്‍റെ പ്രധാന്യത്തെ കുറിച്ചോ മറ്റേതെങ്കിലും സൂചനകളോ തരുന്നില്ല. മോദിയുടെ സന്ദര്‍ശനത്തിന് വേണ്ട എല്ലാ ചെലവും വഹിക്കുന്നതും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്.

മറ്റൊരു പ്രശ്നം കുട്ടികളെ പരിപാടിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നതാണ്. ഇത് മൂലം ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള രക്ഷിതാക്കള്‍ക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടും. പ്രത്യേകിച്ചും മലയാളികള്‍ക്ക് കുട്ടികളെ വീട്ടിലാക്കി പ്രധാനമന്ത്രിയുടെ പരിപാടിയില്‍ എത്തിച്ചേരുക എന്നത് പ്രയാസമുള്ള കാര്യമായിരിക്കും. കുട്ടികളെ എന്തുകൊണ്ടാണ് പരിപാടകളില്‍ പ്രവേശിപ്പിക്കാത്തതെന്നതിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല അധികൃതര്‍.

സന്ദര്‍ശനം സെപ്റ്റംബര്‍ 23ന് ആരംഭിക്കും. അമേരിക്കന്‍ യാത്രക്കിടെ ഒരുദിവസത്തേക്കാണ് മോദി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച സന്ദര്‍ശനത്തെക്കുറിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. 60 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. 1956ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചിട്ടുള്ള ഏക ഇന്ത്യന്‍ പ്രധാനമന്ത്രി. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് പ്രധാനമന്ത്രിയുടെ വിദേശ പര്യടനം.

നരേന്ദമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് അയര്‍ലന്‍ഡില്‍ നടക്കുന്നത്. പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് ഇന്ത്യന്‍ എംബസിയുടെയും വിവിധ സംഘടകളുടെയും കൂട്ടായ ശ്രമം. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. 1600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിപാടിയുടെ പൂര്‍ണ നേതൃത്വം ഇന്ത്യന്‍ എംബസിക്കാണ്. വിവിധ സംസ്‌കാരിക പരിപാടികളടക്കം സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഇന്ത്യന്‍ എംബസിയിക്ക് സമീപമുള്ള ഡബ്ലിന്‍ ട്രീ ഹോട്ടലിലാണ് ഇന്ത്യാക്കാര്‍ക്ക് നരേന്ദ്രമോഡിയുമായുളള കൂടിക്കാഴ്ച നടത്താനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെനിയുടെ വിരുന്നുസല്‍ക്കാരത്തിന് ശേഷമായിരിക്കും മോഡി ഡബ്ലിന്‍ ട്രീ ഹോട്ടലില്‍ എത്തുക. പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനുവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: