മോദി രാജ്യത്തിന് ദൈവം തന്ന സമ്മാനമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും വാനോളം വാഴ്ത്തി പാര്‍ലമെന്‍ററികാര്യ മന്ത്രി എം.വെങ്കയ്യ നായ്ഡു. രാജ്യത്തിന് ദൈവം തന്ന സമ്മാനമാണ് മോദിയെന്നും രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്താണ് സുഷമയെന്നും വെങ്കയ്യ നായ്ഡു വിശേഷിപ്പിക്കുകയുണ്ടായി. ഭാരതീയ ജനതാ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ കൂടിയായ നായ്ഡു.

ലളിത് മോഡി വിഷയത്തില്‍ സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വ്യാപം അഴിമതിക്കേസില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും രാജിവയ്ക്കണമെന്ന കോണ്‍ഗ്രസിന്രെ ആവശ്യം നായിഡു തള്ളി. സുഷമ സ്വരാജ് രാജ്യത്തിന്‍റെ സമ്പത്താണെങ്കില്‍ മുഖ്യമന്ത്രിമാരായ രാജെയും ചൗഹാനും കഴിവുറ്റ ഭരണാധികാരികളാണ്. സുഷമയ്‌ക്കെതിരെ ഒരു അടിസ്ഥാനവുമില്ലാതെ രാജി ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസെന്നും നായിഡു കുറ്റപ്പെടുത്തി.

മോദിയുടെ പ്രവര്‍ത്തന മികവിനെ ചടങ്ങില്‍ നായ്ഡു വാനോളം പ്രശംസിച്ചു. നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയും വികസന സങ്കല്‍പ്പവുമുള്ള മോദി ‘ത്രീ’ഡി’യാണെന്ന് അദ്ദേഹം വശേഷിപ്പിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യാബംഗ്‌ളാദേശ് അതിര്‍ത്തി നിര്‍ണ്ണയ കരാര്‍, നാഗാ സമാധാന കരാര്‍ എന്നിവ സാദ്ധ്യമായിരിക്കുന്നത്. ഇന്ത്യയുടെ ആണവ റിയാക്ടറുകള്‍ക്ക് ആസ്‌ട്രേലിയയും കാനഡയും യുറേനിയം നല്‍കാന്‍ സന്നദ്ധരാകുന്നത് മോദിയെ കാരണമാണെന്നും നായ്ഡു പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: