മോദി ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നു..സൂക്കര്‍ബര്‍ഗുമായുള്ള കൂടികാഴ്ച്ച ലൈവായി കാണാനാകും

ന്യൂഡല്‍ഹി: സൂക്കര്‍ ബര്‍ഗിന്‍റെ മോദി സന്ദര്‍ശനത്തിന് ശേഷം ഇതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനത്തേക്ക്. ഈ മാസം 27നാണ് മോദി അമേരിക്കയിലെ പാവ്‌ലോ ആള്‍ട്ടോയിലെ ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുക. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് തന്നെ ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്ത് വിടുകയും ചെയ്തു.

ഇരുവരുടെയും കൂടിക്കാഴ്ച്ച തത്സമയം സൂക്കര്‍ബര്‍ഗിന്റെയും മോദിയുടേയും പേജിലൂടെ കാണാനുള്ള അവസരം ഉണ്ടാവും.
സൂക്കര്‍ബര്‍ഗിന്റെ ക്ഷണത്തിന് മോദി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൂക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മോദി പറഞ്ഞു. സൂക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ ഫേസ്ബുക്കിലൂടെയോ നരേന്ദ്ര മോദി ആപ്‌ളിക്കേഷനിലൂടെയോ പങ്കുവയ്ക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

സെപ്തംബറില്‍, അമേരിക്കയിലേക്ക് മോദി നടത്തുന്നത് രണ്ടാമത്തെ സന്ദര്‍ശനമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും മോദി, ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അതിനുശേഷം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. ഇത്തവണ ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ’ പദ്ധതിയുമായി മോദി സിലിക്കണ്‍വാലിയിലാണ് എത്തുക. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായ്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും.

മാദ്ധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക് സംഘടിപ്പിക്കുന്ന ആഗോള മാദ്ധ്യമ ഉടമസ്ഥരുടെ യോഗത്തിലും മോദി പങ്കെടുക്കുന്നുണ്ട്. 28ന് കാലിഫോര്‍ണിയയില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.

Share this news

Leave a Reply

%d bloggers like this: