മോദിയുടെ ജന്മദിനം സേവനവാരം; ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് അമിത്ഷാ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ‘സേവനവാര’ (Seva Saptah)മായി ആഘോഷിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഈ പരിപാടികളുടെ ഉത്ഘാടനം ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഇന്ന് നിര്‍വഹിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ തറ വൃത്തിയാക്കി കൊണ്ടാണ് അമിത് ഷാ ഇത് നിര്‍വഹിച്ചത്.

എയിംസിലെത്തിയ അമിത് ഷാ, പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, കേന്ദ്രമന്ത്രി വിജയ് ഗോയല്‍, ഡല്‍ഹി എംഎല്‍എ വിജേന്ദര്‍ ഗുപ്ത തുടങ്ങിയവര്‍ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് മധുരം വിതരണം ചെയ്തു. തുടര്‍ന്നാണ് എയിംസിന്റെ തറ തുടച്ചു കൊണ്ട് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യമൊട്ടാകെ 14 മുതല്‍ 20 വരെയുള്ള സമയത്ത് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

എല്ലാ സ്ഥലങ്ങളിലും രക്തദാന ക്യാമ്പ്, ഡിബേറ്റുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ 69-ാം ജന്മദിനം. ഗുജറാത്ത് സര്‍ക്കാരും അന്ന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രധാന പരിപാടിയില്‍ മോദി പങ്കെടുക്കും എന്നാണ് കരുതുന്നത്. ഒപ്പം സ്‌കൂളുകളിലും മറ്റും മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: