മൊസൂളില്‍ ഐഎസ് ശക്തി ക്ഷയിക്കുന്നു; കടകളില്‍ പാവകളും ടെഡി ബെയറുകളും തിരിച്ചു വന്നു

കിഴക്കന്‍ മൊസൂളിലെ പാവക്കടകളില്‍ പാവകളും ടെഡി ബെയറുകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പ്രതിമകളും തിരിച്ചെത്തുന്നു. മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിന്‍വാങ്ങിയതോടെയാണ് പാവക്കടകള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. മുഖങ്ങളോ കണ്ണുകളോ ഉള്ള പാവകളെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഐഎസ് നിരോധിച്ചിരുന്നു. ഇറാഖിന്റെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ മൃഗങ്ങളുടെ പാവകള്‍ക്ക് പോലും ഐഎസ് വിലക്കേര്‍പ്പെടുത്തി. വിഗ്രഹത്തിന്റെ മറ്റൊരു രൂപമായാണ് ഭീകരര്‍ പാവകളെയും കണ്ടത്.

ജനുവരിയില്‍ യുഎസിന്റെ സൈനിക ഇടപെടലിന്റെ ഫലമായി ഐഎസ് പിന്‍വാങ്ങിയ ഉടന്‍ തന്നെ രണ്ട് പാവക്കടകള്‍ തുറന്നു. ഇപ്പോള്‍ 15 പാവക്കടകള്‍ മൊസൂളില്‍ തുറന്നിട്ടുണ്ടെന്ന് പാവകളുടെ മൊത്തക്കച്ചവടക്കാരനായ അബു മൊഹമ്മദ് പറയുന്നു. പാവ ഇറക്കുമതിയിലുള്ള വിലക്കും ഇപ്പോള്‍ ഇല്ല. മുഖമുള്ള ഏതെങ്കിലും തരം പാവയുണ്ടെങ്കില്‍ കണ്ണ് മാത്രം കാണുന്ന തരത്തിലേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പെണ്‍പാവകള്‍ക്ക് മുഖപടം ഉണ്ടായിരിക്കണം.

അബു മുഹമ്മദ് ചൈനയില്‍ നിന്നും പാവകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഭൂരിഭാഗം പാവക്കടകളും സ്ഥിതിചെയ്യുന്നത് നഗരത്തിന്റെ വടക്കുഭാഗത്താണ്. അവിടെ ഇപ്പോഴും ഐഎസ് തീവ്രവാദികളും ഇറാഖി സുരക്ഷാഭടന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ”കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം ഇനി തെരഞ്ഞെടുക്കാം. ചിത്രങ്ങളും മുഖങ്ങളും നിരോധിച്ചിരുന്നതുകൊണ്ട് ഇത്രയുംനാള്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.” മറ്റൊരു കടക്കാരന്‍ അബു സെയ്ഫ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ യുദ്ധ ഭീകരതയെയും ഓര്‍മകളെയും മറികടക്കാന്‍ ഈ പാവകള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുകയാണ് രക്ഷിതാക്കള്‍.

 

 
എ എം

Share this news

Leave a Reply

%d bloggers like this: