മൊബൈല്‍ ഫോണിലെ സെന്‍സറുകള്‍ വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നേക്കാം

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ തന്നെ സ്‌ക്രീന്‍ ലോക്ക് ആകുന്നു, ഫോണിന്റെ സ്‌ക്രീന്‍ കമഴ്ത്തിപ്പിടിച്ചാല്‍ സൈലന്റ് മോഡിലേക്കു മാറുന്നു, പാട്ടുകേള്‍ക്കുന്നതിനിടെ ഫോണ്‍ ചുമ്മാതൊന്ന് ഇളക്കിയാല്‍ പുതിയ പാട്ട് വരുന്നു, ഇതെല്ലാം എങ്ങനെ സാധ്യമാകുന്നു എന്നതിന്റെ ഉത്തരമാണ് ഓരോ ഫോണിലുമുള്ള സെന്‍സറുകള്‍. നമുക്ക് പരിചിതമായ ക്യാമറയും മൈക്രോഫോണും ജിപിഎസും ഉള്‍പ്പെടെ ഓരോ ഫോണിലും ഇന്ന് ശരാശരി 25 സെന്‍സറുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ആക്സിലറോമീറ്റര്‍, മാഗ്നറ്റോമീറ്റര്‍, ഗൈറോസ്‌കോപ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ പേരുകളില്‍ ഫോണില്‍ ‘ഒളിച്ചിരിക്കുന്ന’ ഇവയാണ് ഇപ്പോള്‍ ഹാക്കര്‍മാരുടെ പുതിയ ആയുധം. മൊബൈലിന്റെ ചലനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തി യൂസര്‍മാരുടെ ബാങ്ക് അക്കൗണ്ട് വരെ കൊള്ളയടിക്കാമെന്നാണ് യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ആക്രമണകാരികളായ ചില സ്‌ക്രിപ്റ്റ് കോഡുകള്‍ കടത്തി വിട്ട് സെന്‍സര്‍ ഡേറ്റ തട്ടിയെടുക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇമെയിലായും മറ്റുമാണ് ഈ മലീഷ്യസ് കോഡിന്റെ ലിങ്ക് അയക്കുക. ക്ലിക്ക് ചെയ്താല്‍ കോഡ് നേരെ മൊബൈലില്‍ ‘സേവ്’ ചെയ്യപ്പെടും. പിന്നെ സെന്‍സര്‍ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുകയാണ് ഇതിന്റെ പ്രധാന പണി. ഇതുവഴി നിങ്ങള്‍ എത്രനേരം ഫോണ്‍ ചെയ്യുന്നു, വ്യായാമത്തിന് എത്രനേരമെടുക്കുന്നു, എത്രനേരം ഉറങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. മൊബൈലില്‍ പാസ്വേഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ സെന്‍സറുകളില്‍ സേവ് ചെയ്യപ്പെടുന്ന ‘ടച്ച് ആക്ഷന്റെ’ ഡേറ്റ ശേഖരിച്ചുമുണ്ട് എട്ടിന്റെ പണി. ഈ ഡേറ്റ വഴി യൂസറുടെ നാലക്ക പാസ്വേഡ് കൃത്യമായി കണക്കുകൂട്ടിയെടുക്കാമെന്നാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ കണ്ടെത്തിയത്.

ഡേറ്റ വഴി കണ്ടെത്തിയ പാസ്വേഡ് ടെപ്പ് ചെയ്തു നോക്കിയപ്പോള്‍ ആദ്യ നിഗമനത്തില്‍ 70 ശതമാനമായിരുന്നു കൃത്യത. അഞ്ചാമത്തെ ശ്രമത്തില്‍ 100 ശതമാനം കൃത്യതയോടെ പാസ്വേഡ് കണ്ടെത്തുകയും ചെയ്തു. അതായത് അല്‍പമൊന്നു ശ്രമിച്ചാല്‍ ബാങ്ക് അക്കൗണ്ടിന്റെ യൂസര്‍നെയിമും പാസ്വേഡും ഉള്‍പ്പെടെ ഹാക്കര്‍മാരുടെ കയ്യിലെത്തുമെന്നു ചുരുക്കം.


എ എം

Share this news

Leave a Reply

%d bloggers like this: