മൈന്‍ഡിനൊപ്പം ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിക്കായി നമുക്കും കൈകോര്‍ക്കാം…..

അന്യം നിന്ന് പോകുന്ന ജീവ വര്‍ഗ്ഗങ്ങളെപ്പോലെ, കരുണ, സഹാനുഭൂതി, പരോപകാരം തുടങ്ങിയ പാരമ്പര്യ ഗുണങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും, സുതാര്യവും സത്യസന്ധവുമായ എളിയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ മാത്രകയായ് മാറുന്ന അനവധി വ്യക്തികളും, സംഘടനകളും ഇന്നും നിലവിലുണ്ട് എന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്.

അതിലൊന്നണ് 2008 ല്‍ സ്ഥാപിതമായ MIND എന്ന സ്ംഘടന. അയര്‍ലണ്ടിലെ നോര്‍ത്ത് ഡബ്ലിനിലെ ഒരു പറ്റം മലയാളികളുടെ കഠിനാദ്ധ്വാനത്തില്‍ നിന്നും , നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും ഉടലെടുത്ത ഈ സംഘടന തങ്ങളുടെ രാജ്യത്തിന് മാത്രമല്ല , അവര്‍ വസിക്കുന്ന ഐറിഷ് സമൂഹത്തിന് തന്നെ മാത്രകാപരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കെരളം എന്ന വിശാലമായ മൈതാനത്ത് നിന്നും തിരക്കേറിയ ജീവിത ശൈലിയിലേക്ക് പറിച്ച് നട്ടപ്പെട്ടതിന്റെ വേദനക്കപ്പുറം അറിഞ്ഞോ അറിയാതെയോ നമ്മില്‍ നിന്നും പലപ്പോഴായി വിട്ടകലുന്ന ശാരീരികമാനസിക ഉല്ലാസങ്ങളെ , ബാല്ല്യകാലത്തിന്റെ അതേപ്രതീതിയോടെ നമ്മിലേക്കും പുതുതലമുറയിലേക്കും തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ MIND നടത്തുന്ന നിരവധി കലാ,കായിക, സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അപൂര്‍വ്വ കാന്‍സര്‍ രോഗബാധിതനായ ഐറിഷ് ബാലന്‍ ബെന്നിന്റെ ചികിത്സാ ചിലവിനായി 1615 യൂറോ MIND ക്രിക്കറ്റ് മത്സരത്തിലൂടെ സ്വരൂപിച്ചത് ഇക്കഴിഞ്ഞ ജൂലൈയിലാണ്.മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണല്ലോ..അതുകൊണ്ട് തന്നെ ഐറിഷ് സമൂഹ മധ്യത്തില്‍ ജീവിക്കുന്ന നാം നമ്മുടെ തനതായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതോടൊപ്പം ഈ സമൂഹത്തിന്റെ കൂടി ഭാഗമാകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിയാണ് MIND പ്രവര്‍ത്തിച്ച് വരുന്നതെന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. MIND ന്റെ നേത്രത്വത്തില്‍ ഐറിഷ് സമൂഹത്തേക്കൂടി ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന നിരവധിയായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍മാണ്.

അയര്‍ലണ്ടില്‍ കുട്ടികളുടെ ആരോഗ്യോന്നമനത്തിനായി പ്രവര്‍ത്തിച്ച് വരുന്ന ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രി പ്രതിവര്‍ഷം ഇന്ത്യക്കാരുള്‍പ്പെടുന്ന വിദേശികളും തദ്ദേശീയരുമായ 1,40000 ല്‍ പരം കുട്ടികളെ ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നു. വിലയേറിയ Life saving support machines ഉള്‍പ്പെടെ ഏറ്റവും ആധുനികമായ ചികിത്സാ സമ്പ്രദായങ്ങള്‍ കുട്ടികള്‍ക്കായി നല്‍കുന്നതിന് ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിക്ക് കഴിയുന്നു.എന്നിരുന്നാലും വിവിധ ചാരിറ്റി സംഘടനകളുടെ നിസ്വാര്‍ത്ഥമായ സഹായസഹകരണമാണ് ഇതിന് പിന്നില്‍ എന്ന് ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ സമൂഹ പങ്കാളിത്തത്തിന്റെ ആവശ്യകതകൂടി കണക്കിലെടുത്ത് MIND സ്റ്റീഫന്‍ ദേവസി & സോളിഡ് ബാന്‍ഡ് എന്ന പേരില്‍ മേയ് 28 ഞായറാഴ്ച്ച ഹെലിക്‌സ് ഓഡിറ്റോറിയത്തില്‍ സംഗീത നിശ ഒരുക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലാഭമത്രയും സ്വന്തം നിലനില്‍പിന് പോലും പ്രാധാന്യം നല്‍കാതെ കഷ്ടതയനുഭവിക്കുന്ന ഐറിഷ് സമൂഹത്തിന് കൂടി ഉപയോഗപ്രദമാക്കുമ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സമൂഹത്തിനും , വളര്‍ന്ന് വരുന്ന പുതുതലമുറക്കും അയര്‍ലണ്ടിലുള്ള പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുക കൂടിയാണ് MIND ചെയ്യുന്നത്.മാത്രകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തനിക്കും താനുള്‍പ്പെടുന്ന സമൂഹത്തിനും ഉപകാരികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ MIND എന്ന സംഘടനക്ക് കഴിയും എന്നതില്‍ തര്‍ക്കമില്ല..

അജി ജോസ്

Share this news

Leave a Reply

%d bloggers like this: