മൈക്കിള്‍ ചുഴലിക്കാറ്റ് ഫ്ളോറിഡ തീരത്ത് ആഞ്ഞടിക്കുന്നു; അഞ്ച് ലക്ഷം പേരെ ഒഴിപ്പിക്കും

യുഎസിലെ ഫ്ളോറിഡ തീരത്ത് മൈക്കിള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. തീവ്രത കൂടിയ കാറ്റ്, കാറ്റഗറി നാലിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയ്ക്കും മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും 13 അടി ഉയരത്തിലുള്ള തിരമാലകള്‍ക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. സ്ഥിതിഗതികള്‍ മോശമാകുന്നതിന് മുമ്പ് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും ഇത് അവസാന അവസരമാണെന്നും ഫ്ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് ട്വീറ്റ് ചെയ്തു. മധ്യ അമേരിക്കയിലും കരീബിയന്‍ മേഖലയിലുമായി ഇതുവരെ 13 പേര്‍ മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഫ്ളോറിഡ, അലബാമ, ജോര്‍ജിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന സംസ്ഥാനങ്ങളാണ് വലിയ ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നത്. ഇന്ന് രാവിലെയാണ് കാറ്റഗറി നാലിലേയ്ക്ക് ഹറികേന്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. ചുഴലിക്കാറ്റിനെ കുറച്ചുകാണരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. ഫ്ളോറിഡയിലെ 67 കൗണ്ടികളില്‍ 35 എണ്ണത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ ഗവണ്‍മെന്റ് സജ്ജമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

പശ്ചിമ ക്യൂബയില്‍ മൈക്കിള്‍ ചുഴലിക്കാറ്റ് മൂലം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. എല്‍സാല്‍വദോര്‍, ഹോണ്ടുറാസ്, നിക്കാരാഗ്വ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹോണ്ടുറാസില്‍ ആറും നിക്കാരാഗ്വയില്‍ നാലും എല്‍ സാല്‍വദോറില്‍ മൂന്നും പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഫ്ളോറിഡ തീരത്തുണ്ടായ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: