മെല്‍ബണ്‍ സാം എബ്രഹാം കൊലപാതകം: തെളിഞ്ഞത് ഇങ്ങനെ

2015 ഒക്ടോബറിലാണ് പുനലൂര്‍ കരവാളൂര്‍ സ്വദേശിയും മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ എപിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ സോഫിയ ബന്ധുക്കള്‍ക്കും അധികൃതര്‍ക്കും നല്‍കിയ വിശദീകരണം. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സാമിന്റെ മൃതദേഹം നാട്ടിലെത്തിക്കുകയും സംസ്‌കരിക്കുകയും ചെയ്തു. സാമിന്റെ മൃതദേഹത്തിനരികെ തകര്‍ന്നിരിക്കുന്ന സോഫിയയുടെ ചിത്രം അന്നത്തെ ദിനപ്പത്രങ്ങളില്‍ കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. ദിവസങ്ങള്‍ക്ക് ശേഷം മകനെയും കൂട്ടി മെല്‍ബണിലേക്ക് മടങ്ങിയ സോഫിയ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു.

എന്നാല്‍ സോഫിയയുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്ന നീക്കമായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയാണ് അവരില്‍ ആദ്യം സംശയമുണര്‍ത്തിയത്. സാമിന്റെ രക്തത്തിലും കരളിലും സയനേഡിന്റെ അംശം കണ്ടെത്തിയതാണ് പോലീസിന്റെ ശ്രദ്ധ സോഫിയയ്ക്ക് പിന്നാലെയാക്കിയത്. അതില്‍ നിന്നും സോഫിയയും അരുണ്‍ കമലാസനനും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് മനസിലാക്കുകയായിരുന്നു. പത്തുമാസക്കാലം സോഫിയയെയും അരുണിനെയും നിരീക്ഷിച്ച ശേഷമാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകളായിരുന്നു പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരായ പ്രധാന തെളിവുകളായി നിരത്തിയത്. ഇരുവരും പരസ്പരം സംസാരിക്കുന്ന വിധത്തിലാണ് ഡയറികള്‍ എഴുതിയിരുന്നത്. 2013 ജനുവരി മുതല്‍ ഡയറി എഴുത്ത് ആരംഭിച്ച സോഫിയ സാമിനൊപ്പം ജീവിക്കാനാകില്ലെന്ന് ഡയറിയില്‍ വ്യക്തമാക്കിയിരുന്നു. 2013ല്‍ സ്റ്റുഡന്റ് വിസയിലാണ് അരുണ്‍ മെല്‍ബണിലെത്തിയത്. സോഫിയയുമായുള്ള പ്രണയത്തിന് ആയിരത്തോളം പുസ്തകങ്ങള്‍ എഴുതിയാലും മതിയാകില്ലെന്നും തന്റെ അവസാന ശ്വാസം വരെ അവരുടെ സ്നേഹത്തിനായി കൊതിക്കുന്നുവെന്നും താന്‍ സോഫിയയ്ക്കായി കാത്തിരിക്കുന്നുവെന്നു ഒരിക്കല്‍ തങ്ങള്‍ ഒരുമിക്കുമെന്നുമൊക്കെയാണ് അരുണിന്റെ ഡയറിക്കുറിപ്പുകളില്‍ പറയുന്നത്. 2015 ജൂലൈ 30നും അരുണ്‍ ലാലൂര്‍ ട്രെയിന്‍ സ്റ്റേഷനിലെ കാര്‍ പാര്‍ക്കിംഗില്‍ വച്ച് സാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ പഠന കാലത്താണ് സാമും സോഫിയയും തമ്മില്‍ പ്രണയത്തിലാകുന്നത്. കോട്ടയത്തെ ഒരു സ്വാശ്രയ കോളേജില്‍ സഹപാഠിയായിരുന്ന അരുണുമായും പിന്നീട് അവര്‍ പ്രണയത്തിലെത്തി. രണ്ട് പ്രണയവും ഒരുമിച്ച് കൊണ്ടുപോയ അവര്‍ സാമിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ അരുണും സാമും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. വിവാഹ നാളുകളില്‍ സാം ദുബൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. സോഫിയയാണ് ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയത്. പിന്നാലെ സാമും ഓസ്ട്രേലിയയിലെത്തി. അരുണ്‍ ഭാര്യയും കുഞ്ഞുമായാണ് ഓസ്ട്രേലിയയിലെത്തിയത്. ഒരുവര്‍ഷത്തിന് ശേഷം ഇവരെ നാട്ടിലേക്ക് മടക്കി അയച്ചതിന് ശേഷമാണ് സോഫിയയുമായുള്ള ബന്ധം തുടരാന്‍ സാമിനെ കൊല്ലാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പിനൊടുവിലാണ് സാമിനെ ഇരുവര്‍ക്കും കൊലപ്പെടുത്താന്‍ സാധിച്ചത്.

അതേസമയം സാം കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം ലഭിച്ച സന്ദേശമാണ് വിക്ടോറിയ പോലീസിന്റെ സംശയം സോഫിയയിലേക്ക് നീളാന്‍ കാരണമായത്. സോഫിയയെ നിരീക്ഷിക്കൂ, അവള്‍ പലതും മറയ്ക്കുന്നുണ്ടെന്നായിരുന്നു അജ്ഞാത യുവതിയില്‍ നിന്നും ലഭിച്ച സന്ദേശം. ഇടയ്ക്കിടയ്ക്ക് മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചുവരുത്തുന്ന പോലീസിനോട് യാതൊരു സംശയവുമില്ലാത്ത വിധത്തിലാണ് ഇവര്‍ പ്രതികരിച്ചത്. ആരുടെയും പരാതിയില്ലാതെ അന്വേഷണം നടത്തുന്ന വിവരം പോലീസും മറച്ചുവച്ചു. ഇതിനിടെ സാമുമൊത്ത് ജീവിച്ചിരുന്ന വീട്ടില്‍ നിന്നും താമസം മാറിയ സോഫിയയെ അരുണിനൊപ്പം കണ്ടതോടെ പോലീസ് നിരീക്ഷണം കര്‍ശനമാക്കി. സാമിന്റെ കേരളത്തിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട പോലീസിന് സോഫിയയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. അവസാന അവധിക്ക് വന്നപ്പോള്‍ അടുത്ത ബന്ധുക്കളോട് സാം ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കൂടാതെ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന സംശയവും പ്രകടിപ്പിച്ചു. എന്നാല്‍ ഇതൊരു തമാശയായി മാത്രമാണ് ബന്ധുക്കള്‍ കണക്കിലെടുത്തത്. നാട്ടില്‍ നിന്നും മടങ്ങി രണ്ടാമത്തെ ദിവസമാണ് സാം കൊല്ലപ്പെട്ടത്.

അകാലത്തില്‍ വിധവയായ സോഫിയയ്ക്കുള്ള സഹായമെന്ന നിലയില്‍ ഓസ്ട്രേലിയയിലെ മലയാളി സമൂഹം സമാഹരിച്ച് നല്‍കിയ വന്‍തുക സോഫിയയും കാമുകനും പങ്കുവച്ചുവെന്ന ഞെട്ടിക്കുന്ന വിവരവും ഇതിനിടെ പുറത്തു വന്നു. സോഫിയയ്ക്കും അരുണിനും കോമണ്‍വെല്‍ത്ത് ബാങ്കില്‍ സംയുക്ത അക്കൗണ്ടുണ്ടെന്നും ഇതില്‍ നിന്നും സോഫിയ പണം പിന്‍വലിച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്നും കണ്ടെത്താനായതോടെ ഓസ്ട്രേലിയന്‍ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാം മരിക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച അക്കൗണ്ടാണ് ഇത്. ഇതിനിടെ സാമിന്റെ അക്കൗണ്ടില്‍ കടന്ന വലിയ നിക്ഷേപവും പൂര്‍ണമായും പിന്‍വലിക്കപ്പെട്ടിരുന്നു. അരുണിന്റെയും സോഫിയയുടെയും രഹസ്യബന്ധം അറിയാമായിരുന്നു അരുണിന്റെ ഭാര്യയാണ് പോലീസിന് വിവരം നല്‍കിയ അജ്ഞാത സ്ത്രീയെന്നാണ് സംശയിക്കപ്പെടുന്നത്.

അറസ്റ്റിലായ ആദ്യ കാലത്ത് സോഫിയയെ കേസില്‍ നിന്നും രക്ഷപ്പെടുത്താനായിരുന്നു അരുണ്‍ ശ്രമിച്ചത്. സോഫിയയും കുറ്റം നിഷേധിക്കുകയായിരുന്നു. സാം കൊല്ലപ്പെട്ടതിന്റെ തലേദിവസം സാമിന്റെ വീടിന് പരിസരത്ത് ഒളിച്ചു നിന്ന അരുണ്‍ പുലര്‍ച്ചെ 3.30ന് വീടിനുള്ളില്‍ പ്രവേശിക്കുകയും അവോക്കാഡോ ഷെയ്ക്കില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി കിടത്തിയ ശേഷം ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തി വായിലേക്ക് ഒഴിച്ചു കൊടുത്തുവെന്നാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ഇതിലൊന്നും സോഫിയയ്ക്ക് പങ്കില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ സോഫിയ അറിയാതെ ഇയാള്‍ എങ്ങനെ വീട്ടില്‍ പ്രവേശിച്ചെന്നും അവോക്കാഡോ ഷെയ്ക്കില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്നതും ഓറഞ്ച് ജ്യൂസില്‍ സയനേഡ് കലര്‍ത്തിയെന്നതും ഒരു ചോദ്യമായതോടെ സോഫിയയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. കൂടാതെ സാമിനൊപ്പം ഒരേ കട്ടിലില്‍ കിടന്ന സോഫിയ അറിയാതെ എങ്ങനെ ഓറഞ്ച് ജ്യൂസ് സാമിന്റെ വായിലേക്ക് ഒഴിച്ചുവെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും ഇതില്‍ നിന്നും അരുണിന്റെ ഫോണിലേക്ക് നടത്തിയ കോളുകളുടെയും ലിസ്റ്റുകളും പോലീസിന് ഇവര്‍ക്കെതിരായ തെളിവുകളായി. മരണ ശേഷം സാമിന്റെ കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ഇവര്‍ക്കെതിരായി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: