മെര്‍സലില്‍ മോദിയെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായതിനാല്‍: മെര്‍സല്‍ വിഷയത്തിലേക്ക് മതം കലര്‍ത്തി സ്വയം അപഹാസ്യരായി ബിജെപി

 

തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ നടന്‍ വിജയ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്നത് അദ്ദേഹം ക്രിസ്ത്യാനിയായതിനാലാണെന്ന വിമര്‍ശനവുമായി തമിഴ്നാട് ബിജെപി രംഗത്ത്. മെര്‍സലിന്റെ റിലീസിനോടനുബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണ് ഇതും. വിജയുടെ മതപരമായ ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തിയിരിക്കുന്നത്.

ജോസഫ് വിജയ് എന്ന പേരുപയോഗിച്ചാണ് വിജയ്ക്കെതിരെ രാജയുടെ ട്വീറ്റ്. സിനിമയുടെ നിര്‍മ്മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോയെന്ന സംശയവും രാജ പങ്കുവയ്ക്കുന്നു. ഇക്കാര്യം പരിശോധിച്ചുവരികയാണ്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും രാജ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് കാരണം വിജയുടെ മതവിശ്വാസമാണെന്നാണ് രാജയുടെ മുഖ്യ ആരോപണം.

ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കണമെന്ന സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോയെന്നും രാജ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചരക്ക് സേവന നികുതി(ജിഎസ്ടി) മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ പ്രകോപിതരാക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ വടുവേലു തന്റെ കാലിയായ പേഴ്സ് തുറന്നുകാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി പറയുന്ന രംഗത്തിന് തിയറ്ററില്‍ നീണ്ട കയ്യടിയാണ് ലഭിച്ചത്. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജിഎസ്ടി താരതമ്യം ചെയ്യുന്നതാണ് രണ്ടാമത്തെ രംഗം. ഏഴ് ശതമാനം മാത്രം ജിഎസ്ടിയുള്ള സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുമെന്നും എന്നാല്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണ് ഇത്.

വിജയുടെ ബിജെപി വിരുദ്ധ രാഷ്ട്രീയ താല്‍പര്യങ്ങളുടെ തെളിവാണ് ഈ ചിത്രമെന്നാണ് ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിക്കുന്നത്. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മ്മാതാവ് ഉറപ്പുനല്‍കിയിരിക്കുകയാണ്.

അതേസമയം ചിത്രത്തിലെ ഇത്തരം രംഗങ്ങള്‍ നീക്കം ചെയ്യരുതെന്നാണ് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ബിജെപിയുടെ ആവശ്യം പരിഗണിക്കുക പോലും ചെയ്യരുതെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്തും ആവശ്യപ്പെട്ടു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നതെന്നും അത് നീക്കം ചെയ്യരുതെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടത്. അറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലി ദിനത്തിലാണ് തിയറ്ററുകളിലെത്തിയത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: