മെക്‌സിക്കോ പട്ടണം തകര്‍ന്നടിഞ്ഞു: ഭൂചലനം 7.1 തീവ്രതയില്‍

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ശക്തമായുണ്ടായ ഭൂചലനത്തില്‍ 248 മരണം. റിക്റ്റര്‍ സ്‌കെയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മൊറേലോസിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
1985 ഉണ്ടായ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ മുപ്പത്തിരണ്ടാം വാര്‍ഷികത്തിലാണ് ഇപ്പോഴുണ്ടായ ഭൂകമ്പം മെക്‌സിക്കോയില്‍ നാശം വിതച്ചത്. രാജ്യത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്.

മെക്‌സിക്കോ സിറ്റിയുടെ തെക്കന്‍ മേഖലയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 21 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് നിലകളിലായി പ്രവര്‍ത്തിച്ച സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നൂറോളം വരുന്ന സൈനികര്‍, പൊലീസ്, നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഒരു അധ്യാപികയെയും ഒരു കുട്ടിയെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കെട്ടിടങ്ങള്‍കുളില്‍ കുടുങ്ങിയിട്ടുള്ള കുട്ടികള്‍ക്ക് ട്യുബ് വഴി ഓക്‌സിജന്‍ കൊടുക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്‌കെയില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: