മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാം : ട്രംപിന് അനുകൂല വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

വാഷിങ്ടണ്‍ : മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള നിയമ പോരാട്ടത്തില്‍ സുപ്രീം കോടതിയില്‍ ട്രംപിനു വിജയം. ഖജനാവില്‍ നിന്നും 2.5 ബില്യണ്‍ ഡോളര്‍ അതിനായി ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കി. പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരത്തെ നിയമപരമായി മറികടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്‍പതംഗ ബെഞ്ചില്‍ അഞ്ചുപേരും ട്രംപിനെ അനുകൂലിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതി ഉത്തരവിനെ വലിയ വിജയം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കീഴ്ക്കോടതി നിര്‍ദേശം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതി റദ്ദാക്കി.

സതേണ്‍ ബോര്‍ഡറില്‍ മതില്‍ കെട്ടാന്‍ അനുവദിച്ചു. അതിര്‍ത്തി സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും ഇത് വലിയ വിജയമാണ്’ ട്രംപ് പറഞ്ഞു. നേരത്തെ സൈനിക ഫണ്ടുകള്‍ മതില്‍
നിര്‍മാണത്തിലേക്ക് മാറ്റുന്നത് തടഞ്ഞുകൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി വന്ന മുറയ്ക്ക് മതില്‍ നിര്‍മ്മാണം തുടരാം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മെക്‌സിക്കന്‍ അതിര്‍ത്തിയല്‍ മതില്‍ നിര്‍മ്മിക്കുമെന്നത്. മെക്‌സിക്കോയില്‍ നിന്നുള്ളവര്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍ നിര്‍മ്മിക്കുമെന്നതായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിനെതിരെ അമേരിക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധമായിരുന്നു ഉണ്ടായത്. പോപ്പ് വരെ ട്രംപിനെ മതില്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വിമര്‍ശിച്ചു.

എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. മതിലിനായി ഉപയോഗിക്കേണ്ടുന്ന രൂപഘടനയാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. 30 അടി ഉയരമാണ് ഇതിനുള്ളത്. അമേരിക്കയും മെക്‌സിക്കോയും തമ്മില്‍ മൂവായിരത്തി ഇരുന്നൂറ് കിലോമീറ്റര്‍ ദൂരം അതിര്‍ത്തിയാണ് പങ്കിടുന്നത്. മതില്‍ നിര്‍മ്മാണത്തിനായി അമേരിക്ക 20 ബില്യണ്‍ ചെലവ് പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: