മൂന്നു കുട്ടികളെ കൊന്ന് മാലിന്യകുഴിയില്‍ താഴ്ത്തി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

 

ബംഗളൂരു: ബംഗളൂരുവിലെ ബാനസ്‌വാടിയില്‍ മൂന്നു കുട്ടികളെ കൊലപ്പെടുത്തി മാലിന്യകുഴിയില്‍ താഴ്ത്തി. ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 27 നാണു കുട്ടികളെ കാണാതായിരുന്നത്. സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയിലായി. ഇലക്ട്രീഷനായ ഫായും ബെയ്ഗ് (24) ആണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടികളുടെ അമ്മയായ നസീമ ബീഗവുമായി പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് 27 ന് ഇയാള്‍ നസീമയുടെ കുട്ടികളെ കൊലപ്പെടുത്തി കെജി ഹള്ളി, എച്ച്ബിആര്‍ ലേഔട്ടിലുള്ള ചെറുവനത്തിനു സമീപമുള്ള മാന്‍ഹോളില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗാര്‍മെന്റ് ഫാക്ടറി ജീവനക്കാരിയായ നസീമ ആറുമാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് പിലിയാന ഗാര്‍ഡനിലെ വീട്ടില്‍ കഴിയുകയായിരുന്നു. ഓഗസ്റ്റ് 27ന് മക്കളായ അലി അബ്ബാസ് ബെയ്ഗ് (എട്ട്), ഹുസ്‌ന ബീഗം (ആറ്), റഹീം ബെയ്ഗ് (നാല്) എന്നിവര്‍ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയില്ലെന്നു കാട്ടി നസീമ തന്നെയാണ് പോലീസില്‍ പരാതി നല്കിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ സംശയമുണ്ടെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് നസീമയുടെ ഭര്‍ത്താവ് ഇല്യാസ് ബെയ്ഗിനെ തെരഞ്ഞ് പോലീസ് സംഘം ഹൈദരാബാദ് വരെ അന്വേഷണം നടത്തുകയും ചെയ്തു. ഒടുവില്‍ ഇല്യാസിന് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസീമയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്നും സ്വന്തമായി നാലു മൊബൈല്‍ ഫോണുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് അകന്ന ബന്ധുവായ ഫായും ബെയ്ഗ് പിടിയിലായത്. കുട്ടികളെ കൊലചെയ്തത് താനാണെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സംഭവദിവസം സ്‌കൂളിലെത്തിയ ഫായും കുട്ടികളെയും കൊണ്ടു വനത്തിലേക്കു പോയി. പിതാവിന്റെ ബന്ധുവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. തുടര്‍ന്ന് ഏറ്റവും ഇളയ കുട്ടിയായ റഹീമിനെ മാന്‍ഹോളില്‍ തള്ളിയിട്ടു. മറ്റു കുട്ടികള്‍ ഇതുകണ്ട് ഓടാന്‍ തുടങ്ങിയപ്പോള്‍ അവരെയും തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് കുട്ടികള്‍ ഒഴുകിപ്പോയെന്ന് ഉറപ്പാക്കാന്‍ ഫായും അഴുക്കുചാലിനുള്ളില്‍ ഇറങ്ങി നോക്കി. റഹീം അപ്പോഴേക്കും മുങ്ങിമരിച്ചിരുന്നു. മറ്റുരണ്ടുപേരും ഒഴുകിപ്പോയി. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ റഹീമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നസീമയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നതിനാല്‍ അവരുടെ മാതാപിതാക്കള്‍ അതിനു സമ്മതിച്ചിരുന്നില്ലെന്നും ഇതാണ് കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും ഫായും മൊഴി നല്കി. മറ്റു രണ്ടു കുട്ടികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: