മൂന്നാറില്‍ ജീപ്പില്‍ നിന്ന് റോഡിലേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷയായത് വനപാലകരുടെ ഇടപെടല്‍

ഇടുക്കി രാജമലയില്‍ വാഹനത്തില്‍ നിന്നും റോഡിലേക്ക് വീണ ഒന്നരവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇഴഞ്ഞ് വനംവകുപ്പ് ചെക്ക്‌പോസ്റ്റിലെത്തിയ കുട്ടിയെ വനപാലകര്‍ പൊലീസിന് കൈമാറി. കുട്ടി വീണതറിയാതെ മാതാപിതാക്കള്‍ 50 കിലോമീറ്ററോളം വാഹനത്തില്‍ യാത്ര തുടര്‍ന്നു. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. നിസാര പരിക്കേറ്റ കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികള്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. വൈകുന്നേരത്തോടെ പഴനിയില്‍ നിന്നും മടങ്ങുന്നതിനിടെ രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയം രാത്രി കാവല്‍ ഡ്യൂട്ടിയലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസിടിവി ക്യാമറയില്‍ കുഞ്ഞ് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു വിവരമറിഞ്ഞ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി വനപാലകര്‍ക്ക് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലിത്തിച്ചു. മൂന്നാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ കമ്പിളികണ്ടത്തെ വീട്ടിലെത്തി, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

വനപാലകരുടെ സമയോചിതമായ ഇടപെടലാണ് അമ്മു എന്ന് വിളിക്കുന്ന രോഹിതയുടെ ജീവന്‍ രക്ഷിച്ചത്. കുഞ്ഞിനെ കൈയില്‍ വെച്ച് മാതാവ് ഉറങ്ങിയപോയതാകാം അപകട കാരണമെന്നാണ് നിഗമനം. കുട്ടി വീണ ആളൊഴിഞ്ഞ പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങാറുള്ള മേഖലയാണ്.

Share this news

Leave a Reply

%d bloggers like this: