മുസ്ലീമാണോ എന്നറിയാന്‍ തുണിയുരിഞ്ഞു നോക്കണം എന്ന ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നടന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസ്താവന. ബലാകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ”ജീവിതം പണയം വച്ച് സൈന്യം അവിടെ പോയപ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവര്‍ പറഞ്ഞത് അവര്‍ അവിടെ ഇറങ്ങി കൊല്ലപ്പെട്ടത് ആരാണെന്ന് പരിശോധിക്കണം എന്നാണ്. അവരുടെ രാജ്യം, അവരുടെ മതം, അവരുടെ ജാതി ഒക്കെ. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. അവരുടെ തുണി അഴിച്ചു നോക്കിയാല്‍ അവര്‍ മുസ്ലീങ്ങളാണോ എന്നു മനസിലാകുമല്ലോ” എന്നായിരുന്നു പിള്ളയുടെ പ്രസ്താവന.

പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തു വന്നിരുന്നു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല എന്നാണ് പിള്ളയുടെ നിലപാട്. പിന്നെ എങ്ങനെയാണ് തിരിച്ചറിയല്‍ നടത്തുന്നത് എന്ന് പിള്ള ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചത്. താന്‍ പറഞ്ഞത് പാക് ഭീകരവാദികളെ കുറിച്ചാണെന്നും അത് മുസ്ലീങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നും പിള്ള പറയുന്നു. അതിനെന്താണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇത്ര ദേഷ്യം പിടിക്കാന്‍ കാരണമെന്നു ചോദിച്ച പിള്ള, ഇക്കാര്യത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.

ഏതെങ്കിലും മതത്തെയോ ജാതിയേയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും നിലവില്‍ തന്നെ വഷളായിരിക്കുന്ന സാമൂഹികാവസ്ഥ മോശമാക്കുന്ന വിധത്തില്‍ മറ്റൊരു മതത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വിലക്കുന്നുണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ഇക്കാര്യം യോഗിക്കും മായാവതിക്കും മനേകാ ഗാന്ധിക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. സമാനമായ വിധത്തിലാണ് പിളളയുടെ വിവാദ പരാമര്‍ശവും ഉള്‍പ്പെടുക. അതിനൊപ്പം, സൈന്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങള്‍ ഒരു വിധത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന കമ്മീഷന്റെ ഉത്തരവും പിള്ള ലംഘിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: