‘മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടണം, കുടിയേറ്റക്കാരും അഭയാര്‍ഥികളും രാജ്യത്തിന് അപകടം’

പാരീസ്: മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടണമെന്നും യാഥാസ്ഥിതികരായ മുസ്ലിം മത വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നും ഫ്രഞ്ച് വലതു പക്ഷ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ട് നേതാവ് മാരി ലി പെന്‍. പാരീസ് ആക്രമണത്തിനു ശേഷം ട്വിറ്ററിലാണ് മാരി ലീയുടെ പ്രതികരണം. വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് മാരിയുടേത്. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുെടയും സംശയിക്കപ്പെടുന്നവരുടെയും പൗരത്വ റദ്ദാക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മാരി ആവശ്യപ്പെട്ടു. ഈ വര്‍ഷം ആറാം തവണയാണ് ഇസ്ലാമിക ഭീകരവാദം രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത്.

മരിച്ചവര്‍ക്കായി കരയുകയാണ് ഫ്രഞ്ച് ജനത. ഞാനും അവരോടൊപ്പം കരയുന്നു-മാരി ട്വിറ്ററില്‍ എഴുതി. ഇസ്ലാമിക് ഭീകരവാദികള്‍ സിറിയന്‍ അഭയാര്‍ഥികളോടൊപ്പം രാജ്യത്തേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടാകാം. എത്രയും വേഗം ഫ്രാന്‍സിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിന് നടപടിയെടുക്കണം. ഫ്രാന്‍സ് ഇന്ന് ദുര്‍ബലാവസ്ഥയിലാണ്. തീവ്രവാദ ഭീഷണിക്കെതിരേ പൊരുതാന്‍ രാജ്യത്തെ ശക്തമാക്കണം. മിഡില്‍ ഈസ്റ്റിലെ യുദ്ധ ബാധിത മേഖലകളില്‍ നിന്ന് മുസ്ലിംങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയണം. രാജ്യത്തെ ദേശീയ പാര്‍ട്ടിയുടെ വലതുപക്ഷ വിഭാഗം ഫ്രാന്‍സില്‍ പ്രാദേശിക തലത്തില്‍ അധികാരത്തിലെത്താന്‍ കോപ്പു കൂട്ടുകയാണ്. യൂറോപ്പിലാകെ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരേ വിദ്വേഷം നിറഞ്ഞ നിലപാട് ശക്തമാകുമ്പോള്‍, ഫ്രാന്‍സില്‍ നിന്ന് അതിശക്തമായ എതിര്‍പ്പാണുണ്ടാകുന്നത്.

വടക്കന്‍ ഫ്രാന്‍സിലെ നോര്‍ഡ് പാസ് ഡി കലെയ്‌സ് പൈകാര്‍ഡി റീജിയണില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാരിയുടെ നിലപാട് സംബന്ധിച്ച ജനഹിതമറിയാം. പാരീസ് ആക്രമണത്തിനു മുന്‍പു തന്നെ മാരിക്ക് വിജയ സാധ്യത ഉറപ്പായിട്ടുണ്ട്. ലില്ലി, പൈക്കാര്‍ഡി തുടങ്ങിയ പ്രദേശങ്ങളിലടക്കം മാരിയുടെ ജനപ്രീതി വര്‍ധിച്ചതിനു പിന്നില്‍ കുടിയേറ്റ വിരുദ്ധ നിലപാട് തന്നെ. കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തിന് അപകടകരമാണെന്ന ധാരണ പരത്താന്‍ ഇവരുടെ പ്രചാരണത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മാരി പ്രതിനിധീകരിക്കുന്ന മണ്ഡലം കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലയല്ലാത്തതിനാല്‍ ഇവിടെ മാരിയുടെ നിലപാടിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ല. പാരീസ് ആക്രമണത്തെ തുടര്‍ന്നാണ് അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരേ മാരി രൂക്ഷമായി പ്രതികരിച്ചത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: