മുല്ലപ്പെരിയാര്‍ സുരക്ഷ..പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തമിഴ്‌നാട് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഡാമിന്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ തന്നെ സ്ഥാപിക്കുകയാണെന്നും അതിനാല്‍ കേന്ദ്ര സേന വേണ്ടെന്നും കേരളം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ കേസില്‍ തമിഴ്‌നാട് വീണ്ടും പരാതി ഉന്നയിക്കുകയാണെന്നും കേരളം വാദിച്ചു.

എന്നാല്‍, ഡാമിന് നല്‍കുന്ന സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് തമിഴ്‌നാട് വ്യക്തമാക്കി. മറുപടി നല്‍കാന്‍ സമയം വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. സുപ്രീംകോടതിയില്‍ കേസ് ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

Share this news

Leave a Reply

%d bloggers like this: