മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറിയും , ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ചു. ഒമ്പതു മാസം കാലാവധി ബാക്കി നില്‍ക്കെ തിങ്കളാഴ്ച രാജിവച്ച ഊര്‍ജിതി പട്ടേലിന്റെ പിന്‍ഗാമിയായിട്ടാണ് ദാസ് എത്തുന്നത്. റിസര്‍വ് ബാങ്തിന്റെ ഇരുപത്തിയഞ്ചാമത് ഗവര്‍ണറാണ് ദാസ് എന്ന പ്രത്യേകതയുമുണ്ട്. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാം ഗവര്‍ണറാകും അദ്ദേഹം. മൂന്ന് വര്‍ഷത്തേക്കാണ് നിമയനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. 2016-ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. അന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയത് ശക്തികാന്ത ദാസായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

1980 തമിഴ്നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. റവന്യൂ വകുപ്പിലായിരുന്ന ശക്തികാന്ത ദാസിനെ 2015-ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി കൊണ്ടുവരുന്നത്. 2017-ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ചു. തുടര്‍ന്ന് ധനകാര്യ കമ്മീഷന്‍ അംഗമായി നിയമിതനായ ശശികാന്ത ദാസ് ഇന്ത്യയെ ജി-20 ഉച്ചകോടിയില്‍ പ്രതിനിധീകരിക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: