മുന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പ്രതിവര്‍ഷം 1040 യൂറോ വരെ ലഭിക്കുന്ന ശിശുക്ഷേമ പദ്ധതി ഉടന്‍

ശിശുസംരക്ഷണത്തിന് പ്രാധാന്യം നല്‍കി മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പ്രതിവര്‍ഷം 1040 യൂറോ വരെ ലഭ്യമാകുന്ന പാക്കേജ് അടുത്ത സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ കുഞ്ഞുങ്ങള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുള്ള ഈ പാക്കേജ് ക്രഷറുകളിലും മറ്റ് ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സംരക്ഷണത്തിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കും. ശിശു സംരക്ഷണത്തിന് 19 മില്യണ്‍ യൂറോ ചിലവിട്ടുള്ള ഈ പദ്ധതി സാര്‍വത്രികമായി നടപ്പാക്കുമെന്ന് ശിശുക്ഷേമ മന്ത്രി കാതറീന്‍ സപ്പോണ്‍ വ്യക്തമാക്കി.

ആഴ്ചതോറും 20 യൂറോ വരെ ലഭിക്കുന്ന ഈ ക്ഷേമ പദ്ധതി 6 മാസം മുതല്‍ 3 വര്‍ഷം വരെയും സാമ്പത്തീകമായി ബുദ്ധിമുട്ടുള്ള രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ 15 വയസ്സ് തികയുന്നതുവരെയും ലഭിക്കും. ക്രെഷകളില്‍ നിശ്ചിത സമയത്ത് പ്രവേശിപ്പിക്കണമെന്ന നിബന്ധന ഇല്ലാത്ത പദ്ധതിയാണിത്. കുട്ടിയുടെ പിപിഎസ് നമ്പര്‍ ഉപയോഗിച്ചാണ് ഇതിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫുള്‍ ടൈം, പാര്‍ട്ടി ടൈം വ്യത്യാസമില്ലാതെ തന്നെ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദാഹരണത്തിന് വെറും മൂന്ന് ദിവസം മാത്രം ശിശുസംരക്ഷണ കേന്ദ്രത്തിലെത്തുന്ന കുട്ടിക്ക് അഞ്ചില്‍ ഒരു ഭാഗം സബ്സിഡി ലഭിയ്ക്കും. അതായത് ആ കുട്ടിയ്ക്ക് വര്‍ഷത്തില്‍ 624 യൂറോ അല്ലെങ്കില്‍ ആഴ്ചയില്‍ 12 യൂറോ എന്ന നിരക്കില്‍ ആയിരിക്കും സബ്സിഡി ലഭിക്കുക.

രജിസ്ട്രേഷനുള്ള കേന്ദ്രങ്ങളിലായിരിക്കേണം കുട്ടികളെ പ്രവേശിപ്പിക്കേണ്ടത് എന്ന ഒരു നിബന്ധന മാത്രമാണുള്ളത്. സാമ്പത്തീക ശേഷി കുറഞ്ഞവര്‍ക്ക് ഈ ക്ഷേമ പദ്ധതിയിലൂടെ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 145 യൂറോ വീതം ലഭിക്കും. തൊട്ടടുത്ത പ്രാദേശിക ശിശുസംരക്ഷണ കേന്ദ്രത്തിലെ കോര്‍ഡിനേറ്ററിനെ സമീപിച്ചാല്‍ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭ്യമാകും. കുഞ്ഞുങ്ങളുടെ സംരക്ഷണം മാതാപിതാക്കളുടെ മാത്രമല്ല, രാഷ്ട്രത്തിന്റെയും കൂടി ഉത്തരവാദിത്വമാണെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ മന്ത്രി വ്യക്തമാക്കി.രാഷ്ട്ര തത്വസംഹിതകളില്‍ പൗരന്മാര്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പാരമ്പര്യമാണ് അയര്‍ലന്റിനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിത നിലവാരം കുറഞ്ഞ ജനവിഭാഗങ്ങള്‍ക്ക് അവരുടെ തലമുറകളെ വളര്‍ത്തുന്നത് ഒരു ബാധ്യതയായി മാറാതിരിക്കാനുള്ള നടപടിയും കൂടിയാണിത്. വരുമാനം കുറഞ്ഞവര്‍ക്കും, വീട് ഇല്ലാത്തവര്‍ക്കും അധികം ഗുണം ചെയ്യുന്നതും എന്നാല്‍ വരുമാന പരിധി ഇല്ലാതെ എല്ലാ വിഭാഗം രക്ഷിതാക്കളെയും ഉള്‍പ്പെടുത്തുന്നതുമായ സാര്‍വദേശീയ ശിശുക്ഷേമ പദ്ധതിയും കൂടിയാണിത്. സെപ്റ്റംബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന ഈ അനുകൂല്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ വിവരം ശേഖരിച്ച് തക്കസമയത്ത് അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: