മുന്നറിയിപ്പൊന്നും കൂടാതെ വാടക വര്‍ധിപ്പിക്കല്‍: കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന് നേരെ വ്യാപക പ്രതിഷേധം

കോര്‍ക്ക്: മുന്നറിയിപ്പൊന്നും കൂടാതെ വാടക വര്‍ധിപ്പിക്കാനുള്ള കോര്‍ക്ക് കുണ്ടി കൗണ്‍സിലിന്റെ തീരുമാനം കോര്‍ക്കുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. ചിലര്‍ക്ക് അറിയിപ്പ് നല്‍കിയും മറ്റു ചിലര്‍ക്ക് യാതൊരുവിധ അറിയിപ്പ് നല്‍കാതെയും ഭാഗികമായ അറിയിപ്പ് മാത്രം നല്‍കിയ കൗണ്‍സിലിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

കൗണ്ടി വൈഡ് ഡിഫറെന്‍ഷ്യല്‍ റെന്റ് സ്‌കീമിന്റെ ഭാഗമായി വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാടക വര്‍ധിപ്പിച്ചതെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ വ്യകത്മാക്കി. വരുമാന വിവരങ്ങള്‍ സമയപരിധിക്കകം സമര്‍പ്പിക്കാത്തവര്‍ക്കാണ് വാടക വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതെന്നും കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ വരുമാന വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിക്കാതെ തന്നെ വാടക നിരക്ക് ഉയര്‍ത്തിയെന്ന് ആരോപിച്ച് നിരവധി പേര്‍ ഈസ്റ്റ് കോര്‍ക്ക് ലേബര്‍ ടി.ഡി സീന്‍ ഷെര്‍ലോക്കിന് പരാതി നല്‍കിയിരുന്നു.

ശരിയായ മുന്നറിയിപ്പും പ്രത്യേക സമയ പരിധിയും നിശ്ചയിക്കാതെ അശാസ്ത്രീയമായ വാടക നിരക്ക് കണക്കാക്കുന്ന നടപടിയില്‍ നിന്നും കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ പിന്മാറണമെന്നും പരാതികളുയരുന്നുണ്ട്. വളരെ വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കേണ്ടിയിരുന്ന ഈ പദ്ധതി താളം തെറ്റിയ രീതിയിലാണ് ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വരുമാന വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍ക്കും വാടക നിരക് വര്‍ധിപ്പിച്ചെന്ന് ഒരു വിഭാഗം വാടകക്കാര്‍ രംഗത്തെത്തി. ഭവന മന്ത്രാലയത്തിലും ഇത് സംബന്ധിച്ച് ദിനം പ്രതി നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.

അശാസ്ത്രീയമായ നടപടി അവസാനിപ്പിച്ച് കൃത്യമായി അവലോകനം നടത്തി അര്‍ഹരായവര്‍ക്ക് പരിഗണന നല്‍കി വാടക നിരക്കുകള്‍ കണക്കാക്കപ്പെടണമെന്നാണ് കോര്‍ക്കുകാരുടെ ആവശ്യം. നടപടി തുടര്‍ന്നാല്‍ കൗണ്‍സിലിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഭവന മന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഒരുകൂട്ടം ടി.ഡി മാറും ആവശ്യപ്പെട്ട് വരികയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: