മുന്നറിയിപ്പുകള്‍ സ്വീകരിക്കുക, രക്ഷാദൗത്യ സംഘങ്ങളോട് പൂര്‍ണമായി സഹകരിക്കുക; ജീവനാണ് പ്രധാനം

കേരളത്തിലെ അവസ്ഥ അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശക്തമായി തുടരുകയാണ്. പലയിടങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. വീടുകള്‍ പൂര്‍ണമായി തകരുന്നു, ഗൃഹോപകരണങ്ങളും വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടുന്നു. പക്ഷേ, ഈ സമയം എല്ലാവരും ഓര്‍ക്കുക, ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യ ജീവനാണ്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെ കൈമെയ്യ് മറന്ന് രക്ഷാസംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ സമയം ഓരോരുത്തരും പൂര്‍ണമായി അവരോട് സഹകരിക്കുക. പിടിവാശികളും നിര്‍ബന്ധങ്ങളും ഒഴിവാക്കുക. മുന്നറിയിപ്പുകള്‍ അനുസരിക്കുക, രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായി സഹകരിക്കുക. തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഒരേപോലെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ വരുന്നുണ്ട്. അത് മനപൂര്‍വമല്ല, സാഹചര്യങ്ങള്‍ മനസിലാക്കാന്‍ എല്ലാവരും ശ്രമിക്കുക. സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളോടും കൂടി ഓരോരുത്തരുടേയും ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. മനപൂര്‍വമല്ലാതെ സംഭവിക്കുന്ന കാലതാസത്തിലും ചില വീഴ്ച്ചകളിലും കുറ്റപ്പെടുത്താതിരിക്കുക.

വീടുകളും ഫല്‍റ്റുകളും ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേക്ക് മാറാനുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. വെള്ളം വീടിനകത്തോ ഫല്‍റ്റുകളിലോ കയറാന്‍ കാത്തുനില്‍ക്കാതെ സുരക്ഷിതസ്ഥാനങ്ങളിലക്ക് മാറുക. അന്ധവിശ്വാസങ്ങളില്‍ പിടിച്ച് രക്ഷാസംഘങ്ങളുടെ വാക്കുകളെ ധിക്കരിക്കാതിരിക്കുക. ഓരോ ജിവനും വിലപ്പെട്ടതാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഓരോ രക്ഷാപ്രവര്‍ത്തകനും നിങ്ങള്‍ക്ക് അരികിലേക്ക് വരുന്നത്. അവരുടെ കൈകളില്‍ പിടിക്കാന്‍ യാതൊന്നും തടസ്സമാകരുത്. ഓരോരോ വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാകാം, വലിയ വീടുകളില്‍ താമസിക്കുന്നവരാകാം, ഉയര്‍ന്ന ജോലിക്കാരാകാം; ഈയൊരു സാഹചര്യത്തില്‍ അതെല്ലാം മറന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കുക. അവര്‍ക്കൊപ്പം പോവുക. നിങ്ങള്‍ കാണിക്കുന്ന പിടിവാശിയുടെ അനന്തരഫലം നിങ്ങളെക്കൊണ്ട് തടയാന്‍ കഴിയില്ല, നിങ്ങളെ രക്ഷിക്കാന്‍ വരുന്നവരേയും അത് നിസ്സഹായരാക്കും.

ഫ്ല്‍റ്റുകളുടെ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ ഞങ്ങളെ വെള്ളം ബാധിക്കില്ലെന്ന ധാരണ തിരുത്തുക, വെള്ളം നിങ്ങളെത്തേടി വരുന്നതിനു മുന്നേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക. ഈയൊരു സാഹചര്യത്തില്‍ ഓരോ രക്ഷാപ്രവര്‍ത്തനവും അതീവ ദുര്‍ഘടം പിടിച്ചാണ് നടക്കുന്നത്. അത് കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ നമ്മളായിട്ടു തന്നെ ഇടകൊടുക്കരുത്. ഈ ദുരന്തം നമുക്ക് ഒറ്റക്കെട്ടായാണ് നേരിടേണ്ടത്. എല്ലാവരേയും സംരക്ഷിക്കാന്‍ ഓടിനടക്കുന്നവര്‍ക്ക് ഒരു ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും അത് ആഘാതമാണ്. നമ്മുടെ കുഴപ്പം അത്തരം ദുരന്തവാര്‍ത്തകള്‍ ഉണ്ടാകരുത്.

വിലപിടിച്ചതെല്ലാം നമുക്ക് നഷ്ടപ്പെടുകയാണ്. വിലകൂടിയ ഗൃഹോപകരണങ്ങള്‍, ഇലകട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി പലതും നശിച്ചു പോകുന്നു. വീടുകള്‍ തന്നെ തകര്‍ന്നു പോകുന്നു. പക്ഷേ ഈയൊരവസ്ഥയില്‍ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് സ്വജീവന്‍ മാത്രമാണെന്ന് മനസിലാക്കുക. മറ്റുള്ളവയെല്ലാം പോയ്ക്കോട്ടെ, വീണ്ടും ഉണ്ടാക്കാം, ജീവന്‍ അങ്ങനെയല്ല. കഴിയുമെങ്കില്‍ മാത്രം നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ രേഖകളും മാത്രം കൈയിലെടുക്കുക. അതിനായിട്ടു പോലും സമയം അധികം കളയരുത്. പോയവയ്ക്കെല്ലാം പകരം സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പം ഉ്ണ്ട്. അതുകൊണ്ട് മറ്റൊന്നിനും വേണ്ടി ജീവന്‍ അപകടത്തില്‍പ്പെടുത്തരുത്.

ഇപ്പോള്‍ വെള്ളം തങ്ങളെ ബാധിച്ചിട്ടില്ലല്ലോ വരുമ്പോള്‍ നോക്കാം എന്ന അലംഭാവത്തില്‍ ആരും വീടുകളിലും ഫല്‍റ്റുകളിലും കഴിയരുത്. മുന്നറിയിപ്പ് തന്നിരിക്കുന്ന ഭാഗങ്ങളിലെല്ലാം ഉള്ള താമസക്കാര്‍ ഒട്ടും വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. നിങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എല്ലാം തയ്യാറായി നില്‍പ്പുണ്ട്. അവര്‍ക്കൊപ്പം പോവുക. സമാനതകളില്ലാ്ത്ത ദുരന്തകാലത്തേയാണ് നാം അഭിമുഖീകരിക്കുന്നത്. നമുക്ക് ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിടാം….

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: