മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ വിധി പറയുന്നത് നാളെത്തേക്ക് മാറ്റി

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി നാളെത്തേക്ക് മാറ്റിവച്ചു. കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണിത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രന്‍, മറ്റു പ്രതികളായ സുജിത്, ഹസന്‍ സന്തോഷ് എന്നിവരാണ് ഹാജരാവാതിരുന്നത്. ജയചന്ദ്രന്‍ കോടതിയിലേക്ക് വരുന്നതിനിടെ ഗതാഗത കുരുക്കില്‍ പെട്ടതായി അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഓണത്തിരക്കായതിനാല്‍ മറ്റു പ്രതികളെ കോടതിയില്‍ എത്തിക്കാന്‍ മതിയായ പൊലീസ് സുരക്ഷയില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് നാളെ പ്രതികളെ മുഴുവന്‍ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ഉത്തരവിടുകയായിരുന്നു.

2009 ഓഗസ്റ്റ് 21ന് അര്‍ദ്ധരാത്രിയിലാണ് പോള്‍ മുത്തൂറ്റ് ആലപ്പുഴ ജ്യോതി ജംഗ്ഷനില്‍ കൊല ചെയ്യപ്പെട്ടത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി കാരി സതീഷ് അടക്കം 19 പ്രതികളാണ് കേസിലുള്ളത്. കുത്തേല്‍ക്കുന്ന സമയത്ത് പോളിനൊപ്പം ഉണ്ടായിരുന്ന ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സംസ്ഥാന പൊലീസ് പ്രതിപ്പട്ടികയില്‍പെടുത്തിയെങ്കിലും സി.ബി.ഐ മാപ്പുസാക്ഷികളാക്കിയിരുന്നു. മറ്റൊരു ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന് പോയതിനും ചങ്ങനാശേരി സംഘത്തിനെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സി.ബി.ഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. 2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്റെ െ്രെഡവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.

എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന വിന്‍സന്റ് എം. പോളിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. കൊലയ്ക്ക് ഉപയോഗിച്ചുവെന്നുപറഞ്ഞ് പൊലീസ് കണ്ടെത്തിയ ‘എസ്’ ആകൃതിയിലുള്ള കത്തിയും ഈ കേസിനെ വിവാദത്തിലാക്കിയിരുന്നു. കേസില്‍ പൊലീസ് ആദ്യം കണ്ടെടുത്ത എസ് ആകൃതിയുളള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തി. തുടര്‍ന്ന് കൊലയ്ക്കുപയോഗിച്ച യഥാര്‍ത്ഥ കത്തി കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.

Share this news

Leave a Reply

%d bloggers like this: