മുങ്ങിയ യുഎസ് യുദ്ധകപ്പല്‍ 72 വര്‍ഷത്തിനുശേഷം കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ഇന്ത്യനാപൊളിസ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. ജപ്പാന്റെ അന്തര്‍വാഹിനി 1945 ജൂലൈ 30ന് തകര്‍ത്ത കപ്പലിന്റെ അവശിഷ്ടം 72 വര്‍ഷത്തിനുശേഷമാണ് കണ്ടെത്താനായത്. ഹിരോഷിമയിലുപയോഗിച്ച ആറ്റംബോംബിന്റെ നിര്‍മാണസാമഗ്രികളുമായി പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. 1196 സൈനികരുണ്ടായിരുന്ന കപ്പലിലെ 360 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അമേരിക്കന്‍ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.

മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്ന് എണ്ണൂറോളം പേര്‍ രക്ഷപ്പെട്ടെങ്കിലും ജീവനോടെ കരയിലെത്തിയത് 316 പേര്‍മാത്രം. ബാക്കിയുള്ളവര്‍ സ്രാവുകള്‍ക്ക് ഭക്ഷണമായതായി രക്ഷപ്പെട്ടവര്‍ ലോകത്തെ അറിയിക്കുകയായിരുന്നു. കപ്പലില്‍നിന്ന് സന്ദേശങ്ങളൊന്നും ലഭിക്കാത്തത് മുങ്ങിയ സ്ഥലം കൃത്യമായി നിര്‍ണയിക്കുന്നതിനു തടസമായി.

ഈ മാസം 18നാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെടുത്തത്. ഫിലിപ്പീന്‍ കടലില്‍ ഗുവാമിനും ലെയ്തിക്കുമിടയില്‍ 18000 അടി ആഴത്തിലായിരുന്നു കപ്പല്‍. തകര്‍ക്കപ്പെടുന്നതിനുമുമ്പത്തെ രാത്രി കപ്പലുണ്ടായിരുന്ന സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ ഒരു നാവിക ചരിത്രകാരന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു തെരച്ചില്‍. പോള്‍ ജി അലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്. കപ്പലില്‍നിന്ന് രക്ഷപ്പെട്ട 22 പേര്‍ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ.

 

 
എ എം

Share this news

Leave a Reply

%d bloggers like this: