മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പത്താണ്ട്

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വര്‍ഷം തികയുന്നു. പത്തുവര്‍ഷംമുമ്പ് 2008 നവംബര്‍ 26നായിരുന്നു ഇരുളിന്റെ മറപറ്റി മുംബൈ തീരത്തിറങ്ങിയ ഭീകരര്‍ ഇന്ത്യയെ ഭീതിയിലാഴ്ത്തിയത്. മുംബൈയിലാണ് അവര്‍ ചോരവീഴ്ത്തിയതെങ്കിലും രാജ്യത്തിന്റെ മനസ്സാണ് ചോരക്കളമായത്. 10 ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കുരുതികളമാക്കിയിരുന്നു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലും സ്ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് . മുന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 26 ന് രാവിലെ 9.30 നു തുടങ്ങിയ ആക്രമണങ്ങള്‍ നാലു ദിവസം നീണ്ടു നിന്നിരുന്നു. മുംബൈ പോലൊരു നഗരത്തില്‍ സുരക്ഷ സംവിധാനങ്ങളെയും സര്‍വ്വ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ നടത്തിയ ആക്രമണം ഇന്നും ഭീതിയുണര്‍ത്തുന്നതാണ്.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് കുരുതി കളമായത്. അജ്മല്‍ കസബ് എന്ന പാക് പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22സൈനികരും വിദേശി സഞ്ചാരികളും കൊല്ലപ്പെട്ടിരുന്നു.

മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്‍ എസ് ജി കമാന്‍ഡോ സംഘത്തിന്റെ തലവനായിരുന്ന സമയത്താണ് മുംബൈ താജ് ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്.തന്റെ ജീവന്‍ നഷ്ടപ്പെട്ടാലും,രാജ്യത്തിനു വേണ്ടി പോരാടാന്‍ സൈനികര്‍ ഉണ്ടാകണമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആരും അടുത്തേയ്ക്ക് വരരുതെന്നും,ഭീകരരുടെ കാര്യം താന്‍ നോക്കികൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അവസാന സന്ദേശം. രാജ്യത്തിന്റെ പ്രിയപുത്രന് 2009 ല്‍ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.

പരിശീലനം ലഭിച്ച 10 ഭീകരര്‍ സമുദ്രമാര്‍ഗം എത്തിയാണ് ഈ ആക്രമണം നടത്തിയത്. ഇവരില്‍ നിന്നും ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബ് എന്ന ഭീകരനെ 2012 നവംബര്‍ 21-നാണ് ഇന്ത്യ തൂക്കിലേറ്റിയത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ പാകിസ്താനില്‍ നിന്നുള്ളതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇന്ത്യ -പാക് ബന്ധം വഷളായി. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദാണു സൂത്രധാരനെന്നു വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യ, പാകിസ്താനു കൈമാറി. എന്നാല്‍ പാക് സര്‍ക്കാര്‍ ഭീകരര്‍ക്കെതിരെ മൃദു സമീപനമാണ് സ്വീകരിച്ചത്. ഇത് ഇന്ത്യ- പാക് ബന്ധം വഷളാകാന്‍ കാരണമായി. 10 ലക്ഷ്‌കര്‍ ഭീകരാരാണ് മുംബൈ നഗരത്തെ കുരുതികളമാക്തിയത്. ഇതില്‍ അജ്മല്‍ കസബിനെ ഒഴികെ ബാക്കി ഒമ്പതു പേരെയും സുരക്ഷ സേന വധിച്ചിരുന്നു. 2012 നവംബറില്‍ കസബിനെ തൂക്കിലേറ്റി.

സ്വതവേ സംഘര്‍ഷഭരിതമായ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ ഈ സംഭവം കൂടുതല്‍ കലുഷമാക്കി. ഭീകരതയ്‌ക്കെതിരായ ഈ രാജ്യത്തിന്റെ പോരാട്ടവീര്യം പതിനായിരംമടങ്ങ് ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ച ദിനങ്ങളായിരുന്നു അത്. ഇന്ത്യയോട് പാകിസ്താന്‍ ചെയ്യുന്നതെന്തെന്ന് ഈ സംഭവം അന്താരാഷ്ട്രവേദികളില്‍ തുറന്നുകാട്ടിയെങ്കിലും നടുക്കുന്ന ആ ഓര്‍മകള്‍ക്ക് പത്താണ്ട് തികയുമ്പോഴും രാജ്യത്തിനും അന്നത്തെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും നീതികിട്ടിയിട്ടില്ല.

അമേരിക്കയ്ക്ക് 9/11 എങ്ങനെയായിരുന്നോ അതുപോലെയാണ് ഇന്ത്യയ്ക്ക് 26/11. ഇന്ത്യകൊടുത്ത തെളിവുകളില്‍ തൃപ്തിപ്പെടാതെ പാകിസ്താന്‍ ഇപ്പോഴും കേസിലെ വിചാരണവൈകിക്കുന്നു. മുഖ്യ ആസൂത്രകരായ സാകിയുര്‍ റഹ്മാന്‍ ലഖ്വിയും ഹാഫിസ് സയീദും പാകിസ്താനില്‍ സൈ്വരവിഹാരം നടത്തുന്നു. സയീദാകട്ടെ പാക് മുഖ്യധാരാ രാഷ്ട്രീയത്തില്‍ സ്വന്തമിടം നേടാന്‍മാത്രം സ്വതന്ത്രനായിരിക്കുന്നു. ഇയാളെ അന്താരാഷ്ട്രഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ എതിര്‍പ്പുകാരണം നടക്കാതെപോകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആഗോളഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ശബ്ദത്തിന് വിലകിട്ടുന്നു എന്നത് പ്രസക്തമാണ്. ഭീകരതയുടെ നോവറിഞ്ഞ രാജ്യമെന്നനിലയില്‍ അമേരിക്കയുടെ പിന്തുണയും ഇന്ത്യയ്ക്കുണ്ട്.

പാക് ഭീകരതയെ ലോകത്തിന് ബോധ്യപ്പെടുത്താന്‍ നയതന്ത്ര-രാഷ്ട്രീയ മാര്‍ഗങ്ങളാണ് ഇന്ത്യ എന്നും തേടിയിട്ടുള്ളത്. എങ്കിലും പാക് അധീനകശ്മീരിലെ ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തി കരുത്തറിയിക്കാനും പാഠംപഠിപ്പിക്കാനും ഇന്ത്യ മടിച്ചില്ല. മുംബൈ ആക്രമണംമൂലം മുറിഞ്ഞുപോയ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായി ഫലം കണ്ടിട്ടില്ല. ഇന്ത്യയുടെ തിരുനെറ്റിക്കേറ്റ തീരാ കളങ്കമായാണ് മുംബൈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഇനിയുമൊരു മുംബൈ ആവര്‍ത്തിക്കാതിരിക്കാനുള്ള കനത്ത ജാഗ്രത ഉണ്ടായിരിക്കണം എന്നാണ് ഓരോ വാര്‍ഷികവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: