മുംബൈ ഭീകരാക്രമണത്തിന്റെ നടുങ്ങുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 9 വയസ്

 

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞു. 2008 നവംബര്‍ 26നായിരുന്നു നാടിനെ നടുക്കിയ ഭീകരാക്രമണം നടന്നത്. 10 ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കുരുതികളമാക്കിയിരുന്നു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലും സ്‌ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് . മുന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 26 ന് രാവിലെ 9.30 നു തുടങ്ങിയ ആക്രമണങ്ങള്‍ നാലു ദിവസം നീണ്ടു നിന്നിരുന്നു. മുംബൈ പോലൊരു നഗരത്തില്‍ സുരക്ഷ സംവിധാനങ്ങളെയും സര്‍വ്വ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ നടത്തിയ ആക്രമണം ഇന്നും ഭീതിയുണര്‍ത്തുന്നതാണ്.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് കുരുതി കളമായത്. അജ്മല്‍ കസബ് എന്ന പാക് പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22സൈനികരും വിദേശി സഞ്ചാരിളും കൊല്ലപ്പെട്ടിരുന്നു.

പരിശീലനം ലഭിച്ച 10 ഭീകരര്‍ സമുദ്രമാര്‍ഗം എത്തിയാണ് ഈ ആക്രമണം നടത്തിയത്. ഇവരില്‍ നിന്നും ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബ് എന്ന ഭീകരനെ 2012 നവംബര്‍ 21-നാണ് ഇന്ത്യ തൂക്കിലേറ്റിയത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ പാകിസ്താനില്‍ നിന്നുള്ളതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇന്ത്യ -പാക് ബന്ധം വഷളായി. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദാണു സൂത്രധാരനെന്നു വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യ, പാകിസ്താനു കൈമാറി. എന്നാല്‍ പാക് സര്‍ക്കാര്‍ ഭീകരര്‍ക്കെതിരെ മൃദു സമീപനമാണ് സ്വീകരിച്ചത്. ഇത് ഇന്ത്യ- പാക് ബന്ധം വഷളാകാന്‍ കാരണമായി. 10 ലക്ഷ്‌കര്‍ ഭീകരാരാണ് മുംബൈ നഗരത്തെ കുരുതികളമാക്തിയത്. ഇതില്‍ അജ്മല്‍ കസബിനെ ഒഴികെ ബാക്കി ഒമ്പതു പേരെയും സുരക്ഷ സേന വധിച്ചിരുന്നു. 2012 നവംബറില്‍ കസബിനെ തൂക്കിലേറ്റി.

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ മതിയായ തെളിവുകളില്ലെന്ന ന്യായംപറഞ്ഞു കഴിഞ്ഞ ദിവസം പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. ഇത് പുതിയ നയതന്ത്രതലത്തില്‍ ചര്‍ച്ചകളിലേക്കു നയിക്കുകയാണ്. ഇന്ത്യയുടെ തിരുനെറ്റിക്കേറ്റ തീരാ കളങ്കമായാണ് മുംബൈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഇനിയുമൊരു മുംബൈ ആവര്‍ത്തിക്കാതിരിക്കാനുള്ള കനത്ത ജാഗ്രത ഉണ്ടായിരിക്കണം എന്നാണ് ഓരോ വാര്‍ഷികവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: