‘മിഷേലിന് നീതി ലഭിച്ചേ മതിയാകൂ’; മുഖ്യമന്ത്രിക്കുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവെച്ച് പ്രവാസികളുള്‍പ്പെടെ പതിനായിരങ്ങള്‍

കേരളത്തിന്റെ പ്രിയപുത്രിയാണവള്‍, മിഷേല്‍ ഷാജിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം മലയാളികള്‍ മാത്രമല്ല രാജ്യമാകെ ഏറ്റെടുക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഒപ്പുവെക്കുന്നത്. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റിലാണ് പരാതിയുള്ളത്. സൈറ്റിലേക്ക് മലയാളികളുടെ ഒഴുക്കാണിപ്പോള്‍. പതിനഞ്ചായിരത്തോളമാളുകളാണ് ഇതിനകം തന്നെ പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

മിഷേലിന് നീതി ലഭിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ പരാതിയുടെ തലക്കെട്ട് തന്നെ. മിഷേലിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. അവളുടെ മരണത്തിലൂടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടമായ ആ കുടുംബത്തിന്റെ വിശദമായ അന്വേഷണമെന്ന വിലാപത്തിനൊപ്പം അണിനിരക്കാനും പെറ്റീഷന്‍ ആഹ്വാനം ചെയ്യുന്നു.

അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാട്ടുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പരാതിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

സിഎ വിദ്യാര്‍ത്ഥിനി ആയിരുന്ന മിഷേല്‍ ഷാജിയുടെ മൃതദേഹം മാര്‍ച്ച് ആറിന് വൈകുന്നേരത്തോടെയാണ് കൊച്ചി കായലില്‍ നിന്നു കണ്ടെത്തിയത്. തലേദിവസം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ പിന്നെ കാണാതാവുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മിഷേസിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യ ചെയ്യത്തക്ക രീതിയിലുള്ള പ്രശ്നങ്ങള്‍ മിഷേലിന് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ച ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിനിടെ കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ യുവാക്കള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യുവാക്കളെ മിഷേല്‍ തിരിഞ്ഞു നോക്കി വെപ്രാളത്തില്‍ നടന്നു പോകുന്നത് വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

വിഷയത്തില്‍ പൊലീസിനും സര്‍ക്കാരിനും ഗുരുതരവീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഉത്തരവില്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷത്തില്‍ ലാഘവത്വം കാട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. അഞ്ചാം തീയതി പരാതി നല്‍കാനെത്തിയവരെ തിരിച്ചയച്ചെന്ന ആരോപണം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നുവരികയായിരുന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മിഷേലിന്റെ മരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നവമാധ്യമങ്ങളാണ് മിഷേലിന്റെ മരണത്തെ ചോദ്യം ചെയ്തുകൊണ്ട് ആദ്യം രംഗത്തെത്തിയത്. മിഷേലിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നും മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങളില്‍ കണ്ട ബൈക്കിലെത്തിയ യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്.

പിറ്റേന്ന് വൈകിട്ടാണ് ഐലന്‍ഡിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ മിഷേലിന്റെ ബന്ധു അറസ്റ്റിലായിരുന്നു. ആത്മഹത്യ തന്നെയെന്നുറപ്പിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ബന്ധുക്കളും കേരളമാകെയും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പരാതിയില്‍ കൂടുതലാളുകള്‍ ഒപ്പുവെച്ചുകൊണ്ടിരിക്കുന്നത്.

പരാതിയുടെ ലിങ്ക്  https://www.change.org/p/pinarayi-vijayan-cm-of-kerala-justice-for-mishel

Share this news

Leave a Reply

%d bloggers like this: