മിഷേലിന് നീതി തേടി ലാലു അലക്‌സ് രംഗത്ത്

കൊച്ചിയില്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന മിഷേല്‍ ഷാജിയ്ക്ക് നീതി ലഭിയ്ക്കണമെന്ന ആവശ്യവുമായി നടന്‍ ലാലു അലക്‌സ് രംഗത്ത്. മിഷേലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ലാലു അലക്‌സ് കുടുംബത്തിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലു അലക്‌സ് ഇക്കാര്യങ്ങള്‍ പറയുന്നത്.

‘മിഷേലിന്റെ വീട്ടില്‍ പോയിരുന്നു. ആ കുടുംബം ചങ്ക് തകര്‍ന്നിരിക്കുകയാണ്. മിഷേല്‍ നല്ല കുട്ടിയായിരുന്നു. ഒരു അപവാദങ്ങളിലും ചെന്ന് പെടാത്ത കുട്ടിയായിരുന്നു അവള്‍. ഈ സംഭവത്തില്‍ വന്‍ ചതി നടന്നിട്ടുണ്ട്. എല്ലാവരും അവര്‍ക്കായി ഒന്നിക്കണം’. സത്യം പുറത്തുവരണമെന്നും ലാലു അലക്‌സ് പറയുന്നു.

മിഷേല്‍ ഷാജിയുടെ മരണത്തില്‍ കലൂര്‍ പള്ളിയിലെ സെന്റ് ആന്റണീസ് പുണ്യാളന്‍ ഒരു തെളിവ് തരുമെന്ന് നടന്‍ ലാലു അലക്‌സ് പറയുന്നു. മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ പുറത്ത് പഠിക്കാന്‍ പോലും വിടാതായിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷേലിന്റെ മരണത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്താന്‍ മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

മിഷേലിന് നീതി തേടി ലാലു അലക്‌സിന് പുറമേ സിനിമാ ലോകത്തെ അനേകര്‍ അണിനിരന്നിരുന്നു. ‘പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാന്‍ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവര്‍ക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നമുക്കും അണിചേരാ’മെന്നായിരുന്നു ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പില്‍ കുഞ്ചാക്കോ പറഞ്ഞു.

നിവിന്‍ പോളിയാണ് വിഷയത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ജൂഡ് ആന്റണി, ടോവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും മിഷേലിന് നീതിയാവശ്യപ്പെട്ട് നേരത്തേ രംഗത്തെത്തിയിരുന്നു. മിഷേലിന്റെ കേസ് അന്വേഷിക്കാന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
എ എം

Share this news

Leave a Reply

%d bloggers like this: