മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തിക്കൊന്നു; പ്രതി പിടിയില്‍; പിന്നില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം…

ആലപ്പുഴ: മാവേലിക്കര പൊലിസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഓഫിസറെ ട്രാഫിക് പൊലിസുകാരന്‍ പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തി. തെക്കേമുറി ഊപ്പന്‍വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ പുഷ്‌കരന്‍ (32) ആണ് കൊല്ലപ്പെട്ടത്. പ്രതി ആലുവ ട്രാഫിക് പൊലിസ് സ്റ്റേഷനിലെ അജാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വള്ളിക്കുന്നം വട്ടയ്ക്കാട് സ്‌കൂളില്‍ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് പ്രതി കൊലപാതകം നടത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സൗമ്യയെ പ്രതി കാറിടിച്ച് വീഴ്ത്തിയശേഷം കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും കൂടെ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ക്കും പൊള്ളലേറ്റത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അജാസിനെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. രണ്ട് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്.

അജസുമായി സൗമ്യക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൗമ്യയുടെ ‘അമ്മ വെളിപ്പെടുത്തി. അജാസില്‍നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ സൗമ്യ തീരുമാനിച്ചിരുന്നുവെന്നുമാണ് സൂചന. ഇതിനായി അമ്മയോടൊപ്പം അജാസിനെ കണ്ടിരുന്നുവെന്നും എന്നാല്‍ പണം തിരികെ വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം സ്വീകരിക്കാതെ വിവാഹ അഭ്യര്‍ത്ഥന നടത്തുകയാണ് അജാസ് ചെയ്തത്. ഇത് നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

ഇവര്‍ തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: