മാറി ചിന്തിക്കേണ്ട കാലമായിരിക്കുന്നു…

ആര്‍ത്തിയോടെ നുണയാനാഗ്രഹിക്കുന്ന ഒരു വീഞ്ഞുകുപ്പിയാണ് ജീവിതം. ലഹരിയും ഉത്തേജനവും ജീവിതത്തിന്റെ ഭാഗമാണെങ്കിലും വീഞ്ഞുപോലെ അല്‍പം ചവര്‍പ്പും ജീവിതത്തില്‍ വന്നു ചേരാറുണ്ട്. പലപ്പോഴും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ഈ സാഹചര്യത്തിലെല്ലാം മനുഷ്യന്റെ മുതല്‍ക്കൂട്ടാകുന്ന ഘടകങ്ങളില്‍ ഒന്നണ് ആരോഗ്യം. മത്തുപിടിപ്പിക്കുന്ന ജീവിതത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഇന്ന് മനുഷ്യന്റെ ചിന്ത പലപ്പോഴും ഗൗരവമാകുന്നത് താന്‍ ഏതെങ്കിലും ഒരു മാറാരോഗത്തിനു അടിമപ്പെടുമ്പോഴാണ്. 20 വര്‍ഷത്തെ മനുഷ്യന്റെ ആരോഗ്യാവസ്ഥയും ഇന്നത്തെ അവസ്ഥയും തുലനം ചെയ്താല്‍ മനസ്സിലാകും എത്രത്തോളം ദുര്‍ബലമായിരിക്കുകയാണ് മനുഷ്യന്റെ ആരോഗ്യവും പ്രതിരോധ ശേഷിയുമെന്ന്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും, ആഹാര രീതികളുമാണ് മനുഷ്യനെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തിന്റെ മധുരം നുകരാന്‍ വീണ്ടും തയ്യാറെടുക്കുന്നവരും അതിനു വേണ്ടി പ്രയത്‌നിക്കുന്നവരും ഇന്നു നിരവധിയാണ്.

ഇന്നത്തെ മാറിയ സാഹചര്യത്തില്‍ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഭക്ഷണശീലങ്ങളില്‍ ഇന്‍സ്റ്റന്റ് എന്ന വാക്കു കടന്നു വന്നതോടെയാണ് ഊണുമേശയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി തുടങ്ങിയത്. ഇന്‍സ്റ്റന്റ് ഫുഡിനായി കാത്തിരിക്കുന്ന കുട്ടികളും മുതിര്‍ന്നവരും എല്ലാ വീടുകളിലും സര്‍വ്വ സാധാരണമാണ്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് – ഈ പരസ്യ വാചകത്തില്‍ മയങ്ങി വീണ് ആഹാരം തയ്യാറാക്കുന്ന വീട്ടമ്മമാരും ഇന്ന് ലോകത്ത് ധാരാളം. ആരോഗ്യ സമ്പുഷ്ടമെന്ന് നാം വിശ്വസിക്കുന്ന അല്ലെങ്കില്‍ നമ്മെ വിശ്വസിപ്പിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളുടെ നിജസ്ഥിതിയും അവ സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ടെങ്കിലും വീണ്ടും തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇതിനെല്ലാം ഫലമെന്നോണം ഇന്ന് മാറാരോഗങ്ങള്‍ പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള മഹാമാരികള്‍ മനുഷ്യ ശരീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സാധാരണ ഒരു മനുഷ്യനില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 15 ശതമാനത്തിലും കൂടുതലാണ്. മദ്യവും പുകവലിയും ശീലമാക്കിയ ഒരാള്‍ക്ക് അത് ഉപയോഗിക്കാത്ത ഒരാളെക്കാളും 60 ശതമാനത്തില്‍ കൂടുതല്‍ കാന്‍സര്‍ സാധ്യതയാണുള്ളതെന്ന് മെഡിക്കല്‍ ലോകം സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മനുഷ്യന്‍ ഏറ്റവും കൂടുതല്‍ വലയുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളേയും കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗം മൂലമാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ബ്രസ്റ്റ് കാന്‍സറുകള്‍ പ്രത്യക്ഷമാകുമ്പോള്‍ പുരുഷന്‍മാരില്‍ ഇത് ലംഗ്‌സ് കാന്‍സര്‍, ത്രോട്ട് കാന്‍സര്‍ എന്നിങ്ങനെ വിവിധ വകഭേതങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്നത്തെ കാലത്ത് ഓരോ മനുഷ്യനും ഏകദേശം 35-40 വയസ്സിനുള്ളില്‍ കാന്‍സര്‍ ടെസ്റ്റ് നടത്തണമെന്നാണ് വൈദ്യശാസ്ത്രം നല്കുന്ന ഉപദേശം. അത്രയധികം സാധ്യത കല്പിക്കുന്ന രോഗമായി തീര്‍ന്നിരിക്കുകയാണ് ഇന്ന് കാന്‍സര്‍.

അണുകുടുംബങ്ങളുടെ വികാസത്തോടെ ബന്ധങ്ങള്‍ അകന്നതും മൂല്യങ്ങള്‍ ക്ഷയിക്കുന്നതും സാമൂഹിക വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പല പ്രശ്‌നങ്ങളേയും അതിജീവിക്കാനുള്ള മാനസിക ബലം ഇന്നു മനുഷ്യര്‍ക്കു ചോര്‍ന്നു പോകുന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥയില്‍ ഒരു മനുഷ്യന്റെ ആരോഗ്യവും ചോര്‍ന്നു പോകുകയാണെങ്കില്‍ അവിടെ അവനെ സഹായിക്കാന്‍ ആരുമുണ്ടാകില്ല. കാന്‍സര്‍ സെന്ററുകളും, റീഹാബിലിറ്റേഷന്‍ സെന്ററുകളും വളര്‍ന്നു പന്തലിക്കുന്ന ലോകത്ത് മാറ്റത്തിന്റെ ഒരു തിരിനാളമെങ്കിലും കൊളുത്താന്‍ സാധിക്കണം. അല്ലാത്തപക്ഷം വരും തലമുറ ഇന്നത്തെ സാഹചര്യങ്ങളേക്കാല്‍ കൂടുതല്‍ അപകടകരമായ നിലയില്‍ ജീവിക്കേണ്ടതായി വരും.

യുഎന്‍ ലോകാരോഗ്യ സംഘടന തന്നെ മനുഷ്യന്റെ ഭക്ഷണ ശീലത്തിന്റെ അപാകതകള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. സംസ്‌കരിച്ച മാംസവും, സോസേജും, ഹോട്ട് ഡോഗുമെല്ലാം മനുഷ്യന് സ്വന്തം ഭക്ഷണശീലത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നിരിക്കുകയാണ്. റെഡ് മീറ്റ് ഗണത്തില്‍പ്പെടുന്ന ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാന്‍സറിനു കാരണമാകുമെന്നാണ് ഡബ്ലിയു.എച്ച്.ഒ സാക്ഷ്യപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചു നടത്തിയ 800 ലധികം പരീക്ഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഈ വിവരങ്ങള്‍ ലോകജനതയ്ക്കു മുന്നില്‍ വെളിപ്പെടുത്തുന്നത്. ഉപ്പിട്ടുണക്കിയ മാംസവും മറ്റും കഴിച്ചു ശീലിച്ചവര്‍ക്ക് പച്ചക്കറികളോടു തികച്ചും വിമുഖതയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മനുഷ്യനില്‍ ഭക്ഷണശീലം വരുത്തിയ മാറ്റങ്ങള്‍ കാന്‍സറില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങി മറ്റു നിരവധി പ്രശ്‌നങ്ങളും ആഹാരശൈലിയിലെ മാറ്റങ്ങള്‍ നിമിത്തം ഉണ്ടായതാണ്. കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അധികമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും ഇത് രക്തയോട്ടത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇങ്ങനെ മനുഷ്യനില്‍ രക്ത സമ്മര്‍ദ്ദവും ഹൃദ്രോഗവും വര്‍ധിക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാന്‍ ഡയറ്റീഷനെ കാണാന്‍ പോകുന്നതിനു മുന്‍പ്, ഹൃദ്യോഗത്തിനു ചികിത്സ തേടുന്നതിനു മുന്‍പ് താന്‍ എന്തായിരുന്നു ശീലിച്ചു വന്നതെന്ന് ഒരു നിമിഷം ഓര്‍ത്തു നോക്കിയാല്‍ ഇവയ്‌ക്കെല്ലാം പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാകും.

പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുമ്പോഴും അവയും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ വന്‍ വിളവെടുപ്പ് ലഭിക്കുന്നതിനായി കൃഷിയിടങ്ങളില്‍ തളിക്കുന്ന രാസകീടനാശിനികള്‍ മനുഷ്യ ശരീരത്തില്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ്. ഫ്യൂരഡാന്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങി വിഷലിപ്തമായ കീടനാശിനികളാണ് കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്.ഇവ ഉപയോഗിക്കേണ്ട അളവിന്റെ ഇരട്ടിയും അതിലധികവുമാണ് പല കൃഷിയിടങ്ങളിലും തളിക്കുന്നത്. വിളവു കൂടുതല്‍ ലഭിച്ചാലും കൃഷി ഉത്പന്നങ്ങള്‍ ഏറെ കാലം കേടാകാതിരിക്കാന്‍ മറ്റു രാസവസ്തുക്കളും ഒപ്പം ചേര്‍ക്കുന്നു. വിദേശ രാജ്യങ്ങളില്‍ കര്‍ശന നിയമങ്ങള്‍ മൂലം ഇത്തരം ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ ഇന്നും ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നു. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്ത മാമ്പഴത്തില്‍ രാസവസ്തുക്കള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി താലകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉപഭോക്തൃ സംസ്ഥാനമായ കേരളം ഇതിന്റെ ദൂഷ്യവശങ്ങല്‍ ഏറെ അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന നാടാണ്. അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവരുന്ന പച്ചക്കറിയിലും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളിലും അമിതമായ കീടനാശിനിപ്രയോഗവും രാസവസ്തുക്കളുടെ ഉപയോഗവും മൂലം കേരളത്തില്‍ കാന്‍സര്‍ സാധ്യത 50 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ തിരിച്ചറിവില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരളം സ്വന്തം നിലയില്‍ പച്ചക്കറി കൃഷി വിപുലമാക്കുകയാണ്. പല രാജ്യങ്ങളിലും പ്രാവര്‍ത്തികമാക്കി വിജയിപ്പിച്ച പോളിഹൗസുകളിലും സ്വന്തം വീട്ടുമുറ്റത്തും, ടെറസിലും പച്ചക്കറി കൃഷി നടത്താനുള്ള സന്നദ്ധത മലയാളികള്‍ കാണിക്കുന്നു. രാസവള പ്രയോഗത്തില്‍ നിന്നും ജൈവകൃഷി രീതികളിലേക്ക് മാറി ചിന്തിക്കാനും കര്‍ഷര്‍ പ്രേരിതരാകുന്നു. മാറ്റത്തിന്റെ അലയൊലികള്‍ കേരളത്തില്‍ പ്രകടമാകുമ്പോള്‍ സ്വന്തം മണ്ണില്‍ ഒരു ചെടി നട്ടുപിടിപ്പിക്കാനുള്ള ഊര്‍ജമാണ് ലോകത്തിന്് കൈമാറപ്പെടുന്നത്. സ്വന്തം മണ്ണില്‍ വിളയിച്ചെടുക്കുന്ന ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചിയും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഭക്ഷണത്തിന്റെ കൃത്രിമ രുചിയും വ്യത്യസ്ഥമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ മനസ്സിലാക്കാന്‍

-ഡി-

Share this news

Leave a Reply

%d bloggers like this: