മാര്‍വല്‍ കോമിക്സിന്റെ ഐതിഹാസിക സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍ഹീറോകള്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ കഥാകാരന്‍ മാര്‍ട്ടിന്‍ സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാന്‍, അയണ്‍ മാന്‍, അവഞ്ചേഴ്സ്, ദി ഫന്റാസ്റ്റിക് ഫോര്‍, ദ ഹള്‍ക്ക്, ഡെയര്‍ ഡെവിള്‍, എക്സ് മെന്‍ തുടങ്ങി നിരവധി മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്ടാവും എഴുത്തുകാരനും പ്രസാധകനുമായിരുന്നു സ്റ്റാന്‍ ലീ. 95 വയസ് ഉണ്ടായിരുന്ന ലീയുടെ മരണം ലോസ് ഏഞ്ചല്‍സില്‍ ആയിരുന്നു.

മാര്‍വല്‍സ് കോമിക്സിലൂടെയായിരുന്നു ലോകം നെഞ്ചേറ്റിയ അതിമാനുഷിക കഥാപാത്രങ്ങളെ ലീ സമ്മാനിച്ചത്. എഴുത്തുകാരനായി മാര്‍വല്‍ കോമിക്സില്‍ എത്തിയ ലീ പിന്നീട് അതിന്റെ പ്രസാധാകനായി മാറി. സമകാലീന കോമിക് ബുക്കുകളുടെ ശില്‍പി എന്നാണ് ലീ അറിയപ്പെടുന്നത്. ലീയുടെ കഥാപാത്രങ്ങള്‍ ഹോളിവുഡ് സിനിമകളായും ലോകത്തിനു മുന്നില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. സ്പൈഡര്‍ മാന്‍, ഹള്‍ക്ക്, എക്സ്-മെന്‍ തുടങ്ങിയ സിനിമകള്‍ എക്കാലത്തേയും മികച്ച ഹോളിവുഡ് ബ്ലോക്ബസ്റ്ററുകളാണ്. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരുടെ സഹായവും സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുന്നതില്‍ ലീക്ക് ഉണ്ടായിരുന്നു.

1960 കളിലാണ് ലീ സൃഷ്ടിച്ച മാര്‍വെല്‍സിന്റെ സൂപ്പര്‍ ഹിറോകളിലെ പ്രധാനികള്‍ ലോകത്തിനു മുന്നില്‍ എത്തുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍ ലോകത്തിന്റെ നെറുകയില്‍ മാര്‍വെല്‍ കോമിക്സ് എത്തുന്നതിന് കാരണമായതും ലീയാണ്. 72 മില്യണ്‍ ആണ് സ്പൈഡര്‍ മാന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടത്. 1972 ല്‍ ലീ മാര്‍വെല്‍സിന്റെ പബ്ലിഷറും എഡിറ്റോറിയല്‍ ഡയറക്ടറുമായി. ദി സൂപ്പര്‍ ഹീറോ വുമന്‍, ഹൗ ടൂ ഡ്രോ കോമിക്സ് ദി മാര്‍വെല്‍ വേ തുടങ്ങി പല പുസത്കങ്ങളും ലീ രചിച്ചിട്ടുണ്ട്. പീരിയോഡിക്കല്‍ ആന്‍ഡ് ബുക് അസോസിയേഷന്‍ ഓഫ് അമേരിക്ക സ്റ്റാന്‍ ലീയെ പബ്ലിഷര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

1922 ഡിസംബര്‍ 28 ന് ആയിരുന്നു സ്റ്റാന്‍ ലീ എന്ന സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബെര്‍ ജനിക്കുന്നത്. റുമാനിയായില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തിലെ അംഗമായിരുന്നു ലീ. ഹാര്‍ഡി ബോയ്സ് അഡ്വഞ്ചെര്‍ ബുക്കുകളുടെയും എറോള്‍ ഫല്‍ന്‍ സിനിമകളുടെയും ആരാധാകനായിരുന്ന ലീ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയതിനു പിന്നാലെ ടൈംലി കോമിക്സില്‍ ജോലിക്ക് കയറിയാണ് പ്രശസ്തിയിലേക്ക് കുതിക്കുന്നത്.

 

 

 

 

Share this news

Leave a Reply

%d bloggers like this: