മാത്യു ടി തോമസ് ഒഴിയും; കെ കൃഷ്ണന്‍കുട്ടി ജെഡിഎസിന്റെ പുതിയ മന്ത്രിയാകും

ജലവിഭവമന്ത്രി മാത്യു ടി തോമസ് മന്ത്രിപദവി ഒഴിയുമെന്ന് ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. സ്ഥാനം ഒഴിയണമെന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്യു ടി തോമസിനെ അറിയിച്ചു. അദ്ദേഹം സന്തോഷപൂര്‍വം പാര്‍ട്ടി തീരുമാനം സ്വീകരിച്ചതായും ഡാനിഷ് അലി ബംഗളൂരുവില്‍ പറഞ്ഞു. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എ കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയുടെ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കുമെന്നും ഡാനിഷ് അലി വ്യക്തമാക്കി.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം പാര്‍ട്ടിയില്‍ വെച്ചുമാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് ഡാനിഷ് അലി വ്യക്തമാക്കി. അതുപ്രകാരമാണ് മന്ത്രിയെ മാറ്റുന്നത്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് മാത്യു ടി തോമസ് കാഴ്ചവെച്ചത്. അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് പുതുതായി മന്ത്രിയാകുന്ന കൃഷ്ണന്‍കുട്ടിയെന്നും ഡാനിഷ് അലി വ്യക്തമാക്കി.

മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ജെഡിഎസ് സംസ്ഥാന നേതാക്കളും എംഎല്‍എമാരുമായ കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. ജെഡിഎസ് സംസ്ഥാന കമ്മിറ്റി നേരത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാത്യു ടി തോമസ് മാറണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയെ ദേവഗൗഡ നിയോഗിക്കുകയായിരുന്നു.

പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ നിയസഭാ കക്ഷി നേതാവ് സി കെ നാണു ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. മന്ത്രിയെ മാറ്റുന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് ഇടതുമുന്നണിയാണ് തീരുമാനം എടുക്കേണ്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: