മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കൈയാങ്കളി: കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം

 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി എല്‍ഡിഎഫ് നിയമസഭയില്‍ കൈയാങ്കളി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്ത് മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. കേസ് പിന്‍വലിക്കുന്നതിന്റെ നിയമവശം പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയമസെക്രട്ടറിയോട് ആവശ്യപ്പെട്ടു.

2015 മാര്‍ച്ച് 13 നായിരുന്നു കേരളത്തിനാകെ അപമാനമുണ്ടാക്കിയ സംഭവം നിയമസഭയില്‍ അരങ്ങേറിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതിപക്ഷത്തിന്റെ അക്രമത്തില്‍ സഭയ്ക്ക് ഉണ്ടായത്. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ആയിരുന്നു അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫിന്റെ പ്രതിഷേധം. ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി കസേര ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയായിരുന്നു.

കേസ് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് കേസ് പിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി കത്ത് നല്‍കിയത്. സംഭവത്തില്‍ എല്‍ഡിഎഫ് എംഎല്‍എമാരായിരുന്ന വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ നിയമസഭയിലെ കംപ്യൂട്ടര്‍, കസേര, മൈക്രോഫോണ്‍, ടൈംപീസ് എന്നിവ തകര്‍ത്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ 2015 മാര്‍ച്ചില്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് എംഎല്‍എമാരെ പ്രതികളാക്കി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സര്‍പ്പിക്കുകയും ചെയ്തിരുന്നു. ശിവന്‍കുട്ടിക്ക് പുറമെ ഇപ്പോള്‍ മന്ത്രിയായ കെടി ജലീല്‍, ഇപി ജയരാജന്‍ എംഎല്‍എ, സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ പിന്നീട് കോടതിയില്‍ ഹാജരായി ജാമ്യം നേടി.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു നിയമസഭയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് വി ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. എന്നാലും കോടതി അനുവദിച്ചാല്‍ മാത്രമെ കേസ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

 

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: