മാഗിക്ക് താത്കാലിക വിലക്ക് നീക്കം…തെളിവ് നല്‍കാന്‍ ആറാഴ്ച്ച സമയം

മുംബയ്: അമിതമായ അളവില്‍ അജിനാമോട്ടോയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന മാഗി ന്യൂഡില്‍സിന്റെ വിലക്ക് ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. അളവില്‍ കൂടുതലായി ലെഡിന്റെ അംശമില്ലെന്ന് തെളിയിക്കാനായി പുതിയ പരിശോധനകള്‍ നടത്തണമെന്ന് കോടതി അറിയിച്ചു. എന്നാല്‍ മാഗി വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. മാഗി നിരോധിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ നെസ്‌ലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ മാഗിയുടെ അഞ്ച് സാമ്പിളുകള്‍ മൂന്ന് അംഗീകൃത ലാബുകളില്‍ പരിശോധിച്ച് അതില്‍ അളവിലധികം ലെഡിന്റെ അംശമില്ലെന്ന് തെളിയിക്കണമെന്നും കോടതി പറഞ്ഞു. പരിശോധനാ ഫലം അനുകൂലമായാല്‍ നെസ്‌ലെയ്ക്ക് വീണ്ടും മാഗി ന്യൂഡില്‍സ് വിപണിയില്‍ വിറ്റഴിക്കാം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മാഗി സാന്പിളുകളില്‍ അളവിലധികം അജിനാമോട്ടോയും ലെഡും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫുഡ് സേഫ്റ്രി ആന്റ് സ്റ്രാന്റേഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ജൂണ്‍ അഞ്ചിനാണ് രാജ്യത്ത് മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ പല ലാബോറട്ടറികളിലായി 2700 മാഗി ന്യൂഡില്‍സിന്റെ സാന്പിളുകള്‍ പരിശോധിച്ചെന്നും അവയിലൊന്നും തന്നെ അളവിലധികം ലെഡിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും അടുത്തിടെ നെസ്‌ലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: