മാംസാഹാരം ശരീരത്തിന് മോശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റ് വിവാദത്തില്‍

മാംസാഹാരം ശരീരത്തിന് മോശമാണെന്ന രീതിയില്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്ത് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ‘നല്ല ആഹാരം കഴിക്കാനും ആരോഗ്യവാന്‍മാരായിരിക്കാനും’ ആളുകളോട് ആഹ്വാനം ചെയ്യുന്ന ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഡോക്ടര്‍മാരടക്കമുള്ളവര്‍ ട്വീറ്റിനെതിരെ രംഗത്തു വന്നു. മാംസാഹാരത്തെ തള്ളിപ്പറഞ്ഞ നടപടി ആളുകളെയെല്ലാം ചൊടിപ്പിച്ചിരിക്കുകയാണ്. ഏതായാലും വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനാകാതെ ആരോഗ്യ മന്ത്രാലയം തങ്ങളുടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

രണ്ട് സ്ത്രീകളുടെ കാര്‍ട്ടൂണ്‍ രൂപത്തിലുള്ള ചിത്രമായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. അതിലൊന്ന് വളരെ തടിച്ച, ശരീരത്തില്‍ കൊഴുപ്പ് അധികമുള്ള ഒരു സ്ത്രീയും മറ്റേത് മെലിഞ്ഞ സ്ത്രീയുമായിരുന്നു. തടിച്ച സ്ത്രീയുടെ ശരീരത്തില്‍ മാംസവും മുട്ടയും ജംഗ് ഫുഡുമെല്ലാമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. മെലിഞ്ഞ സ്ത്രീയുടേതാണെങ്കില്‍ പച്ചക്കറികളും പഴങ്ങളും മാത്രം. സ്വച്ഛ്ഭാരത്, ആയുഷ്മാന്‍ഭാരത്, ഹെല്‍ത്ത്ഫോര്‍ഓള്‍ തുടങ്ങിയ ഹാഷ്ടാഗുകളില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഈ ചിത്രങ്ങളില്‍ നിങ്ങള്‍ ഏത് തെരഞ്ഞെടുക്കുമെന്നും ആരോഗ്യമന്ത്രാലയം ചോദിക്കുന്നുണ്ട്.

ആരോഗ്യമുള്ളവര്‍ മെലിഞ്ഞവരും പച്ചക്കറിയാഹാരം കഴിക്കുന്നവരുമായിരിക്കും, നോണ്‍വെജ് കഴിക്കുന്നവര്‍ തടിച്ച് കൊഴുത്തിരിക്കുന്നവരും ആരോഗ്യമില്ലാത്തവരുമായിരിക്കും എന്നാണ് ഈ ചിത്രത്തിലൂടെ ആരോഗ്യമന്ത്രാലയം പറയാന്‍ ശ്രമിച്ചതെന്നായിരുന്നു ഭൂരിപക്ഷത്തിന്റേയും പരാതി. ഇന്ത്യയുടെ വെജിറ്റേറിയനിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രമാണിതെന്നും ചിലര്‍ വിമര്‍ശിച്ചു.

മാത്രമല്ല, അവക്കാഡോയും റാസ്പ്ബെറീസും പിടിച്ച് നില്‍ക്കുന്ന മെലിഞ്ഞ സ്ത്രീയെ ചൂണ്ടിക്കാണിച്ച് പണക്കാര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ആരോഗ്യവാന്‍മാരായി ജീവിക്കാന്‍ കഴിയൂ എന്നും പരിഹസിക്കുന്നുവരുണ്ട്. മാത്രമല്ല, ആരോഗ്യമന്ത്രാലയത്തിന്റെ ഈ ട്വീറ്റ് തികച്ചും ബോഡി ഷേമിങ് നടത്തുന്ന ഒന്നാണെന്നും, പൊതുബോധത്തിന്റെ സൗന്ദര്യസങ്കല്‍പ്പത്തെ തെറ്റായരീതിയില്‍ തിരിച്ചുവിടുന്നതാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: