മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയെ ക്ഷണിച്ച് ഗവര്‍ണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദത്തിനായി കണ്ണുനട്ട ബി ജെ പിയും- ശിവസേനയും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണയുണ്ടെന്ന് തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 11ന് രാത്രി എട്ടു മണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബിജെപി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്ന് 15 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായി ഒരു മുന്നണിയോ പാര്‍ട്ടിയോ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നാല്‍ ഭൂരിപക്ഷം ലഭിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിപദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്നണിയ്ക്ക് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം ബിജെപിയെ കൂടാതെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ശിവസേന അവകാശപ്പെടുകയും ചെയ്തിരുന്നു. ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കുന്നത്. ഇതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. സഖ്യം തകരാന്‍ കാരണം ശിവസേനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: