മഴയ്ക്ക് നേരിയ ശമനം: ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നു, കൊച്ചി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക്

ആശങ്കകള്‍ക്ക് അല്‍പം ആശ്വാസമേകി ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. 2,402 അടിയിലേക്ക് അടുത്ത ജലനിരപ്പ് ഇപ്പോള്‍ 2,400. 88 അടിയായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിയ്ക്കുള്ള റീഡിംഗ് അനുസരിച്ചുള്ള ജലനിരപ്പാണിത്. വെള്ളിയാഴ്ച ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. സെക്കന്റില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു അഞ്ച് ഷട്ടറുകളിലൂടെ ഒഴുക്കിക്കളഞ്ഞിരുന്നത്. എന്നാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടര്‍ന്നതും നീരൊഴുക്ക് വര്‍ധിച്ചതും ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ത്തി. ഇതോടെ ആശങ്ക വര്‍ധിച്ചു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന സ്ഥിതിയിലായി.

എന്നാല്‍ രാത്രിയോടെ ജലനിരപ്പില്‍ നേരിയ കുറവ് വന്ന് തുടങ്ങി. വൈകിട്ട് ആറുമണിക്ക് 2,401.7 ല്‍ എത്തിയ ജലനിരപ്പ് രാത്രി ഒന്‍പതിന് 2,401.62 അടിയായി. പിന്നീട് ക്രമാനുഗതമായി ജലനിരപ്പില്‍ കുറവ് വരികയാണ് ചെയ്യുന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ടി വന്നത് ചെറുതോണിയില്‍ വെള്ളപ്പൊക്കമുണ്ടാക്കി. ചെറുതോണിപ്പാലം കരകവിഞ്ഞൊഴുകി. ഇതിന് സമീപത്തായുണ്ടായിരുന്ന ബസ് സ്റ്റാന്റ് വെള്ളത്തിലായി. ആറടി താഴ്ചയില്‍ ബസ്റ്റാന്റില്‍ ഗര്‍ത്തം രൂപപ്പെട്ടു. അതേസമയം, പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി. എങ്കിലും ജാഗ്രത തുടരണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ക്കടക വാവുബലി പ്രധാന കേന്ദ്രങ്ങളിലൊന്നായ ആലുവ മണപ്പുറം മുങ്ങിപ്പോയതിനാല്‍ തൊട്ടടുത്ത സ്ഥലങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മണപ്പുറത്തെ ക്ഷേത്രം മുക്കാല്‍ ഭാഗം മുങ്ങിയ നിലയിലാണ്. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ആലുവയുടെ കൈവഴികളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വേലിയിറക്ക സമയത്താണ് ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയത്. ഇതും വെള്ളമുയരാതിരിക്കാന്‍ സഹായിച്ചതായി കരുതുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചിരുന്നു. പെരിയാറില്‍ നിന്ന് വിമാനത്താവളത്തില്‍ അവസാനിക്കുന്ന ചെങ്ങല്‍ തോട് നിറഞ്ഞുകവിഞ്ഞതിന് പിന്നാലെയായിരുന്നു ലാന്റിങ് നിര്‍ത്തിവെച്ചത്. റണ്‍വേയിലേക്ക് വെള്ളം കയറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ലാന്‍ഡിങ്ങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വെള്ളം കയറിയാല്‍ ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയും ബാധിക്കും. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. അതേസമയം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്നു മുതല്‍ 20 വരെയാണു നിയന്ത്രണം. യാത്രക്കാര്‍ക്കു കര്‍ശന സുരക്ഷാ പരിശോധനകളുമുണ്ടാകും. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് ഓഗസ്റ്റ് 14 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ത്തന്നെ വരും ദിനങ്ങളില്‍ ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: