മഴക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമ സ്വരാജ്

കേരളത്തില്‍ പ്രളയ കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ഫീ ഈടാക്കാതെ തന്നെ നല്‍കുമെന്നും ഇതിനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ബന്ധപെട്ടാല്‍ മതിയെന്നും എന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളം നേരിടുന്ന പ്രളയ ദുരിതം അതീവ ഗുരുതരമാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷമായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം. ദുരിതം നേരിടാന്‍ കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയത അദ്ദേഹം, സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും പ്രതികരിച്ചു. പ്രളയ ദുരിതം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണെന്ന് മുഖ്യന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് നൂറു കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിങ് പറഞ്ഞു. മറ്റ് ആവശ്യങ്ങള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരസഹായമായി 1220 കോടി രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാല്‍ അതിനു മുമ്പുതന്നെ നൂറു കോടി രൂപ സഹായം നല്‍കുകയാണെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. നേരത്തെ നല്‍കാമെന്നേറ്റ നൂറ്റി അറുപതരക്കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 100 കോടി രൂപ.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായത് 8316 കോടി രൂപയുടെ നാശനഷ്ടമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: