മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഗവേഷണവുമായി കോര്‍ക്ക് യുണിവേഴ്സ്റ്റി ഹോസ്പിറ്റല്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

 

കോര്‍ക്ക് : മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രംഗത്ത് പുതിയ ഗവേഷണവുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. അഞ്ച് വര്‍ഷം നീണ്ട് നില്‍ക്കുന്ന പഠനം യൂറോപ്പിലെ തന്നെ ആദ്യത്തെ ദീര്‍ഘകാല പരീക്ഷണങ്ങളില്‍ ഒന്നാണ്. അയര്‍ലണ്ടില്‍ ഒമ്പതിനായിരം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജെനോമിക്‌സിന്റെ സാധ്യതകളെ ഗവേഷണത്തിന് സാധ്യമാക്കിക്കൊണ്ടുള്ള പഠനമായിരിക്കും ആരംഭിക്കുക. കോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ സെന്റ് വിന്‍സെന്റ്, താല ആശുപത്രികളും ഈ ഗവേഷണ രംഗത്ത് സഹായ സഹകരണങ്ങള്‍ നല്‍കും.

ഈ അസുഖം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ തന്നെ ഈ രോഗത്തെ പൂര്‍ണമായി ഭേദപ്പെടുത്തുവാനുള്ള മരുന്നുകളും ലഭ്യമല്ല. MS ബാധിതര്‍ക്കു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളോടൊപ്പം അവരുടെ ജീവിത രീതികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഈ രോഗത്തെ ഒരു പരിധിവരെ കുറച്ചു നിര്‍ത്തുന്നു. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (MS) എന്നത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖമായതിനാല്‍ അതൊരു രോഗിയില്‍ എങ്ങനെ എപ്രകാരം എപ്പോള്‍ ബാധിക്കും എന്ന് പ്രവചിക്കുവാന്‍ എളുപ്പമല്ല. MS എന്നത് ഒരു അദൃശ്യമായ രോഗമാണ്. ചില രോഗികളെ പുറമെ നിന്ന് നോക്കുമ്പോള്‍ അവര്‍ക്കു എന്തെങ്കിലും ഒരു രോഗമുള്ളതായി തോന്നുകയില്ല കാരണം മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമാകണം എന്നില്ല. കാഴ്ച മങ്ങല്‍,രണ്ടായി കാണല്‍ (Double Vision ), ശരീരത്തില്‍ ഉണ്ടാകുന്ന വേദന, അമിതമായ ക്ഷീണം, ഓര്‍മ്മശക്തിയിലും ഏകാഗ്രതയിലും ഉണ്ടാകുന്ന കുറവ്, മലമൂത്ര വിസര്‍ജനത്തില്‍ നിയന്ത്രണമില്ലായ്മ, ലൈംഗികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ ലക്ഷണങ്ങള്‍ ഉദാഹരണമായി എടുക്കാവുന്നതാണ്.

20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവരിലാണ് MS രോഗം കണ്ട് വരുന്നത്. ഇതില്‍ തന്നെ സ്ത്രീകളിലാണ് രോഗബാധ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന എംഎസ് റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കുന്നു. രോഗികളില്‍ പാരാലിസിസിനും കാഴ്ചക്കുറവിനും ഈ രോഗം കാരണമാകുന്നു. വ്യക്തമായ രോഗകാരണം കണ്ടുപിക്കപ്പെട്ടിട്ടില്ലാത്ത എംഎസിനെ ജീന്‍ മാര്‍ക്കിങ്ങിലൂടെ ഗവേഷണ വിഷയമാക്കുകയാണ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് 20 നും 40 നും മദ്ധ്യേ പ്രായമായ സ്ത്രീകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്. അതായതു വിവാഹത്തിനു മുന്നെയോ വിവാഹ ശേഷമൊ MS സ്ത്രീകളെ ബാധിച്ചേക്കാം. വിവാഹിതരായ സ്ത്രീകളില്‍ MS നല്ലതു പോലെ ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ട്. മനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും ശാരീരിക ബുദ്ധിമുട്ടുകളും രോഗിയെ വേറെ ഒരു തലത്തില്‍ എത്തിച്ചേക്കാം. ഈ മാനസികാവസ്ഥയില്‍ ജീവിക്കുന്ന രോഗികളില്‍ മരുന്നുകള്‍ ഉപയോഗിച്ച് കൊണ്ടിരുന്നാല്‍ തന്നെയും MS കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കൂടുന്നതല്ലാതെ ഒരിക്കലും കുറഞ്ഞു കാണുന്നില്ല. MS സ്ത്രീകളെ ബാധിക്കുന്നത് പോലെ പുരുഷന്മാരിലും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. MS രോഗികളുടെ എണ്ണമെടുത്താല്‍ 10 പേരില്‍ 2 അല്ലെങ്കില്‍ 3 രോഗികള്‍ മാത്രമേ പുരുഷന്മാരുള്ളൂ.

ചലന ശേഷിയെ താറുമാറാക്കുന്ന ഈ രോഗം പരിപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പകരം രോഗ നിയന്ത്രണം മാത്രമാണ് സാധ്യമായിട്ടുള്ളത്. രോഗം എങ്ങനെ പിടിപെടുന്നു എന്ന പഠനത്തിനാണ് ഗവേഷകര്‍ പ്രാധാന്യം നല്‍കുന്നത്. ഇത് കണ്ടെത്തിയാല്‍ രോഗ നിര്‍മ്മാര്‍ജ്ജനവും എളുപ്പമാകുമെന്ന നിഗമനത്തിലാണ് ഗവേഷണ സംഘം. ലോകത്ത് യുഎസിലാണ് നിലവില്‍ ഏറ്റവുമധികം എംഎസ് രോഗികളുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: