മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.

സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നേരത്തെ ചലച്ചിത്ര നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചയുണ്ടായിരുന്നു. താരസംഘടനായ അമ്മ നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതും ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം.

സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. അമ്മ, ഫെഫ്ക പോലുള്ള സംഘടനകള്‍ക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സൂപ്പര്‍ താരപദവിയിലുള്ള നടിമാര്‍ മുതല്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.
എ എം

Share this news

Leave a Reply

%d bloggers like this: